പാര്‍ട്ടി നേതാവിന്റെ തൊഴിയേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചെന്ന്
കോടഞ്ചേരി: കോടഞ്ചേരിയില്‍ അയല്‍വാസിയുടെയും സംഘത്തിന്റെയും മര്‍ദനമേറ്റ് ഗര്‍ഭസ്ഥശിശു മരിക്കുകയും കുടുംബത്തിലെ നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാത്ത പൊലിസ് നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഒരാളെ മാത്രം അറസ്റ്റ് ചെയ്ത പൊലിസ് മറ്റുപ്രതികളെ പിടികൂടുന്നതില്‍ നിസംഗത പാലിക്കുകയാണെന്ന പരാതിയുമായി ജ്യോത്സനയും കുടുംബവും കോടഞ്ചേരി പൊലിസ് സ്‌റ്റേഷനു മുന്നില്‍ സമരം ആരംഭിച്ചു.
കഴിഞ്ഞ മാസം 28ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കോടഞ്ചേരി വേളാംകോട് തേനംകുഴി സിബി ചാക്കോ, ഭാര്യ ജ്യോത്സന, രണ്ടു മക്കള്‍ എന്നിവരെ അയല്‍വാസി പ്രജീഷ് മര്‍ദിക്കുകയായിരുന്നു.
നേരത്തെ തന്നെ അയല്‍വാസി പ്രജീഷുമായി അതിര്‍ത്തി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ജനുവരി 28ന് അങ്ങാടിയില്‍വച്ച് പ്രജീഷുമായി വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നുവെന്നും തിരിച്ച് വീട്ടില്‍വന്ന തന്നെ പ്രജീഷ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ വേണ്ടി ഫോണിലൂടെ മറ്റുള്ളവരെ വിളിച്ച് കൂട്ടുകയും ചെയ്തുവെന്നും സിബി പറയുന്നു.
ഈ സമയം കോടഞ്ചേരി പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞെങ്കിലും വാഹനമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞെന്നും ശേഷം പ്രജീഷും സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പിയും സംഘവും കൂടി തന്നെ അക്രമിച്ചു.
തടയാന്‍ വന്ന നാലുമാസം ഗര്‍ഭിണിയായ ഭാര്യ ജ്യോത്സനയെയും ആക്രമിച്ചു. പ്രജീഷിന്റെ അമ്മ സരസമ്മയാണ് അക്രമികള്‍ക്ക് തന്റെ ഭാര്യയെ ആക്രമിക്കാന്‍ പ്രചോദനം നല്‍കിയതെന്നും സിബി പറയുന്നു. ഭാര്യ ജ്യോത്സനയുടെ നാഭിക്കും മറ്റും ചവിട്ടുകയായിരുന്നു. മാതാപിതാക്കളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മക്കളായ മെറിന്‍ (7), ആന്തരേസ (മൂന്നര) എന്നിവരെയും എടുത്തെറിഞ്ഞു. മെറിനു വാരിയെല്ലിനും ആന്തരേസക്ക് തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് പോകുംവഴി വീണ്ടും ആക്രമിച്ചെന്നും സിബി പറയുന്നു.
താമരശേരി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്നു.
നാലാം ദിവസം കടുത്ത വേദന അനുഭവപ്പെട്ട ജ്യോത്സന വാര്‍ഡില്‍വച്ച് തന്നെ പ്രസവിക്കുകയായിരുന്നു. പ്രതികളായ ഏഴംഗ സംഘത്തെക്കുറിച്ച് കോടഞ്ചേരി പൊലിസില്‍ പരാതി നല്‍കിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മാത്രമാണ് പൊലിസിന് ഇതുവരെ പിടികൂടാനായത്. പ്രതികള്‍ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയില്‍ പെട്ടവരായതിനാലാണ് പൊലിസ് സംരക്ഷിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് സ്‌റ്റേഷനു മുന്നില്‍ സമരമാരംഭിച്ചത്. ജീവനു ഭീഷണിയുണ്ടെന്നറിയിച്ച് മുഖ്യമന്ത്രിയെയടക്കം വിവരമറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും പ്രതികളെ പിടികൂടുന്നതുവരെ സമരം തുടരുമെന്നും സിബി ചാക്കോ പറഞ്ഞു.
അതേസമയം നേരത്തെ നല്‍കിയ വിവരമനുസരിച്ച് ഒരാളുടെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതാണെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."