കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ ദുരൂഹമരണം: സഊദിയില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടാന്‍ വൈകും
ജിദ്ദ: അല്‍ഹസ്സ നഗരത്തിനു സമീപം അല്‍ഉയൂന്‍ മണല്ക്കാട്ടില് കാണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ സഊദി പൊലിസില്‍ നിന്നു വിട്ടുകിട്ടാന്‍ വൈകും. സംഭവം സംബന്ധിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളു. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞു അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ പിതൃസഹോദരന് കരീം അബ്ദുല്ല ബുധനാഴ്ച അല്‍ഹസ്സ പൊലിസ് സ്റ്റേഷനില്‍ മൊഴി നല്കി. മൊഴി രേഖപ്പെടുത്താന്‍ സ്റ്റേഷനിലെത്തണമെന്നു പൊലിസ് കരീമിനോട് ആവശ്യപ്പെടുകയായിരുന്നു. മൊഴി കൊടുത്ത ശേഷം ബുധനാഴ്ച കരീം റിയാദിലേക്കു തിരിച്ചു പോയി.
ചൊവാഴ്ച അല്‍ഹസ്സയിലെത്തിയ കരീം പറഞ്ഞത് കുഞ്ഞബ്ദുല്ലയുടെ മൃതദേഹം സഊദിയില്‍ തന്നെ സംസ്കരിക്കുമെന്നും റിസ്വാനയുടെ മൃതദേഹം സംബന്ധിച്ച കാര്യം തനിക്കറിയില്ലെന്നുമായിരുന്നു. ദുബായിലുള്ള റിസ്വാനയുടെ അമ്മാവന് വീസ ലഭിക്കാന്‍ വൈകുന്നതിനാല്‍ ഇതുവരെ സൗദിയില്‍ എത്തിയിട്ടില്ല. അദ്ദേഹത്തെ കാത്തു നില്‍ക്കാതെയാണ് കരീമിന്റെ മടക്കം. കുഞ്ഞബ്ദുല്ല റിസ്വാനയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാം എന്നാണ് നിഗമനം. റിസ്വാനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതപ്പെടുന്ന കത്തിയില്‍ മറ്റാരുടെയും വിരലടയാളം കണ്ടെത്തിയിട്ടില്ലെന്നു സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."