കിരാതവേട്ടയ്‌ക്കെതിരേ സമൂഹമാധ്യമങ്ങളിലും രൂക്ഷപ്രതികരണം
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അലയടിച്ചത് വന്‍ പ്രതിഷേധം. സാധാരണക്കാര്‍ മുതല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.
മധു മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷമായ പ്രതികരണമാണ് ജേക്കബ് തോമസ് ഫേസ്ബുക്കിലൂടെ നടത്തിയത്. പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണെന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നുവെന്നും വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുംവേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുകയാണെന്നും വിമര്‍ശിക്കുന്നു.
ആള്‍ക്കൂട്ടം കൊന്നത് തന്റെ അനുജനെയാണെന്നും വിശപ്പിന്റേയും വിചാരണയുടേയും കറുത്തലോകത്തു നിന്നുകൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരാകുന്നതെന്നും നടന്‍ മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യനെന്ന നിലയില്‍ അംഗീകരിക്കാനാകില്ലെന്നും മമ്മൂട്ടി പറയുന്നു.
കൊല്ലപ്പെട്ട മധുവിന് ആദരാഞ്ജലി അര്‍പ്പിച്ച് എഴുത്തുകാരി കെ.ആര്‍ മീര ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍, ഇനി പോകുമ്പോള്‍ കുറേക്കൂടി ആളെക്കൂട്ടണമെന്നും കൊന്ന് തിന്നുമ്പോള്‍ തര്‍ക്കമുണ്ടാക്കരുതെന്നും പറയുന്നു.
നാട്ടുകാര്‍ എന്ന് പറയുന്നവര്‍ നിയമം കൈയിലെടുത്താണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും പ്രതിഷേധാര്‍ഹമായ ഈ കിരാത സംഭവത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും വി.എം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."