മോദി ലോകത്തിലെ ചെലവേറിയ കാവല്‍ക്കാരനെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:ബാങ്ക് വായ്പാ തട്ടിപ്പ് പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാരിനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുമെതിരായ നീക്കം കോണ്‍ഗ്രസ് ശക്തമാക്കി. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനാണ് മോദിയെന്നാണ് ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചത്. പൊതു ധനം കൊള്ളയടിക്കുന്നവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് മോദി പറഞ്ഞതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരായ നീക്കം കോണ്‍ഗ്രസ് ശക്തമാക്കിയത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2ജി അഴിമതിയുമായി ബന്ധപ്പെട്ട് മോദി നിരന്തരം കോണ്‍ഗ്രസിനെ ആക്ഷേപിച്ചിരുന്നു. എന്നാല്‍ ഇത് ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണമായിരുന്നു. സംഭവത്തില്‍ ഒരു തരത്തിലുള്ള അഴിമതിയും ഇല്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്നും കപില്‍ സിബല്‍ പറഞ്ഞു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് വജ്രവ്യാപാരി നീരവ് മോദി തട്ടിയെടുത്തത് 11,500 കോടിയോളം രൂപയാണ്. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റോട്ടോമാക് പെന്‍ കമ്പനി 3,000 കോടി രൂപയാണ് തട്ടിയെടുത്തത്. ഈ രണ്ട് സംഭവങ്ങളും നടന്ന് ഏതാണ്ട് പത്തു ദിവസങ്ങള്‍ക്കു ശേഷമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറാകാതിരുന്നതെന്ന് സിബല്‍ ചോദിച്ചു.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പ്രതികരിച്ചത്. അതുവരെ അദ്ദേഹം നിശബ്ധത പാലിക്കുകയായിരുന്നു. മോദിക്ക് വീടും വിമാനവും ലഭിച്ചു. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനായി അദ്ദേഹം മാറുകയും ചെയ്തു. എന്നിട്ടും ഇവിടെ നിന്ന് കോടിക്കണക്കിന് പണമാണ് പലരും തട്ടിയെടുത്ത് രാജ്യം വിടുന്നതെന്ന് കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. മോദി കാവലിരിക്കെ രാജ്യത്ത് വന്‍തോതില്‍ തട്ടിപ്പ് നടക്കുകയാണ്. ഈ തട്ടിപ്പുകളില്‍ നിരവധി ബി.ജെ.പി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി രാജ്യത്തെ കൊള്ളയടിച്ച മറ്റൊരു സംഭവമാണ് ജന്‍ധന്‍ തട്ടിപ്പെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."