സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് സര്‍ക്കാര്‍: യു.ഡി.എഫ്
തിരുവനന്തപുരം: നിയമസഭാ നടപടികള്‍ തടസപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സര്‍ക്കാരിന് തന്നെയെന്ന് യു.ഡി.എഫ്. ആഭ്യന്തരവകുപ്പിന്റെ പൂര്‍ണപരാജയമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം.
അടിക്കടിയുള്ള രാഷ്ട്രീയ കൊലപാതകങ്ങളും ഇതിലെ പ്രതികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രതയുമാണ് പ്രശ്‌നം. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എടയന്നൂരിലെ ശുഹൈബ് വധത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാമെന്ന് സര്‍ക്കാരിന് വേണ്ടി മന്ത്രി എ.കെ ബാലന്‍ അറിയിച്ചതാണ്. ഇതുപ്രകാരം ശുഹൈബിന്റെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്നാല്‍ കണ്ണൂര്‍ പാര്‍ട്ടി നേതൃത്വം കണ്ണുരുട്ടിയപ്പോള്‍ മുഖ്യമന്ത്രി നിലപാട് മാറ്റുകയായിരുന്നു. ഇതംഗീകരിക്കാന്‍ കഴിയില്ല. ഗൂഢാലോചനാ കുറ്റംപോലും ചേര്‍ക്കാന്‍ പൊലിസ് തയാറായിട്ടില്ല. ശുഹൈബ് വധം നിസ്സാരവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കടയില്‍ കയറി സി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊല്ലുകയായിരുന്നു. വളരെക്കാലം സി.പി.എമ്മിനൊപ്പം നിന്നതുകൊണ്ടാകണം സി.പി.ഐക്കും കൊലപാതകഭ്രമം വന്നുചേര്‍ന്നത്. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിലും സര്‍ക്കാറിന് പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."