യമനില്‍ സൂഫി പണ്ഡിതന്‍ വെടിയേറ്റ് മരിച്ചു; പിന്നില്‍ സലഫിസമെന്നു സൂചന
റിയാദ്: യമനിലെ പ്രമുഖ സുന്നി സൂഫി പണ്ഡിതന്‍ വെടിയേറ്റ് മരിച്ചു. സ്വന്തം ഗ്രാമ പ്രദേശമായ തെക്കന്‍ യമനിലെ ഹദര്‍മൗത്തിലെ തരീം പ്രദേശത്തെ ഇമാം കൂടിയായ അല്‍ ഹബീബ് ഐദ്രൂസ് ബിന്‍ അബ്ദുല്ല ബിന്‍ സുമൈത് ആണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. ഇവിടെ പള്ളിയിലെത്തിയ അക്രമി പണ്ഡിതനില്‍ നിന്നു ഖുര്‍ആന്‍ പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും അതിനായി അദ്ദേഹം സമ്മതം നല്‍കിയപ്പോള്‍ പഠനത്തിനെന്ന വ്യാജേനയെത്തിയ അക്രമി പ്രാര്‍ത്ഥനക്കിടെ പിന്നില്‍ നിന്നു വെടിവക്കുകയായിരുന്നുവെന്നും സൂഫിയോട് അടുത്ത ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തില്‍ യമന്‍ പ്രധാനമന്ത്രി അഹ്മദ് ഉബൈദ് ബിന്‍ ദാഗിര്‍ നടുക്കവും അനുശോചനവും രേഖപ്പെടുത്തി. തീവ്ര ചിന്താഗതിയിലുള്ള നവീന ആശയക്കാരാണ് സംഭവത്തിനു പിന്നിലെന്നും ഇത്തരം ആശയക്കാരെ സമൂഹത്തില്‍ നിന്നു അകറ്റി നിര്‍ത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധതയ്ക്കും ധാര്‍മികതക്കും വേണ്ടിയുള്ള മിതമായ ശബ്ദങ്ങളില്‍ സമൂഹത്തെ നയിച്ച പ്രമുഖനായ നേതാവായിരുന്നു അല്‍ ഹബീബ് ഐദ്രൂസ് ബിന്‍ അബ്ദുല്ല ബിന്‍ സുമൈത് എന്നും യമന്‍ പ്രധാനമന്ത്രി പറഞ്ഞു.
യമനില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും തരീം പട്ടണത്തില്‍ ആദ്യമായാണ് ഇത്തരം കൊലപാതകം. സഹിഷ്ണുതയ്ക്കായി വാദിക്കുന്നതിലും, അക്രമത്തെ എതിര്‍ക്കുന്നതിലും യമനില്‍ പ്രശസ്തമാണ് തരീം പട്ടണം. ഇമാമുകളുടെയും മതാധ്യാപകരുടെയും കൊലപാതകങ്ങള്‍ക്ക് ഏദന്‍ മുന്‍പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹദര്‍മൗത് കേന്ദ്രീകരിച്ച് വിവിധ സൂഫി സംഘങ്ങള്‍ തീവ്രവാദത്തെയും നവീന ആശയങ്ങളെയും നിരന്തരം എതിര്‍ത്തിരുന്നു. ഇതിന്റെ ഫലയമായി നേതൃത്വത്തിന് പലപ്പോഴും അല്‍ഖാഇദ അടക്കമുള്ള തീവ്രവാദ സംഘടനകളില്‍ നിന്നും ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്. ഹദര്‍ മൗത്തിനു സമീപമുള്ള ശഅര്‍ മുസ്വല്ല കേന്ദ്രീകരിച്ചു ഐ.എസ്, അല്‍ഖാഇദ അടക്കമുള്ള തീവ്രവാദികളുടെ ഭീഷണിയും പണ്ഡിതന്മാര്‍ക്കക്കെതിരെയുള്ള ആക്രമണവും പലപ്പോഴായി നടക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."