നടവഴിയില്ല; വിദ്യാര്‍ഥികള്‍ പെരുവഴിയില്‍
ഉദുമ: പാത നവീകരണത്തിനായി ചിത്താരിയില്‍ പാതക്ക് വീതി കൂട്ടിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നടക്കാന്‍ വഴിയില്ലാതായി. ഇതോടെ നിരവധി വിദ്യാര്‍ഥികളാണ് ചിത്താരിയില്‍ പെരുവഴിയിലായത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശമാണിത്. സ്‌കൂളുകള്‍ തുറന്നതും മഴക്കാലമെത്തിയതുമാണ് ഇവിടെ ദുരിതം ഇരട്ടിച്ചത്. പാതക്ക് വീതി കുറഞ്ഞ പ്രദേശമായതിനാല്‍ അപകട സാധ്യതയും ഏറെയാണ്. പാത നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വാഹനങ്ങള്‍ പാത വിട്ട് കടക്കാനാവാതെ പ്രയാസപ്പെട്ടിരുന്നു. ഇതോടനുബന്ധിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് സഞ്ചരിക്കാനുള്ള വഴിയും ഇല്ലാതായത്.
നോര്‍ത്ത് ചിത്താരി അസീസിയ്യാ മദ്‌റസക്ക് സമീപം ആഴത്തിലാണ് റോഡ് കിളച്ചിട്ടുള്ളത്. ഇവിടെ യാതൊരു വിധ സുരക്ഷാ മുന്നറിയിപ്പുകളും സ്ഥാപിച്ചിട്ടില്ല. പാതയുടെ ഒരു ഭാഗം കുഴിക്കുമ്പോള്‍ സേഫ്റ്റിക്കായി സ്ഥാപിക്കേണ്ട സിഗ്നലുകളും ഇവിടെയില്ല. മഴ പെയ്തതോടെ പ്രദേശം ചളിയില്‍ മുങ്ങിയിരിക്കുകയാണ്. ഇതിനടുത്ത് തന്നെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി കെ.എസ്.ടി.പി എടുത്ത കുഴിയും മൂടാത്ത വിധത്തിലാണ്. നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജുമാ മസ്ജിദിന് സമീപത്തുള്ള ട്രോന്‍സ്‌ഫോര്‍മറും വേലി കെട്ടി സുരക്ഷിതമാക്കിയിട്ടില്ല. ഇവകള്‍ക്കിടയിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തേണ്ടത്. സുരക്ഷകള്‍ പാലിക്കാതെ വിദ്യാര്‍ഥികളുടെയും വാഹനങ്ങളുടെയും വഴി മുട്ടിച്ച് റോഡില്‍ അപകടക്കെണിയൊരുക്കുന്ന കെ.എസ്.ടി.പിയുടെ നിലപാടിനെതിരേ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ആദ്യപടിയായി കലക്ടര്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."