വയനാട്ടില്‍ തീവണ്ടി ചൂളം വിളിക്കില്ല...?
കല്‍പ്പറ്റ: യാത്രാ സൗകര്യങ്ങള്‍ തുലോം കുറവായ വയനാടിന്റെ റെയില്‍വേ സ്വപനങ്ങള്‍ പൂവണിയാന്‍ ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഏറെക്കുറേ പ്രതീക്ഷ നല്‍കിയിരുന്നതും കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി വീശുകയും ചെയ്ത നിലമ്പൂര്‍- നഞ്ചന്‍കോട് പാത സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയ മട്ടാണ്.
പാതയുടെ സര്‍വേക്കായി മുന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഇ ശ്രീധരനെ ലൈറ്റ് മെട്രോക്ക് പിന്നാലെ നിലമ്പൂര്‍- നഞ്ചന്‍കോട് പാതയുടെ സര്‍വേയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. നിലമ്പൂര്‍- നഞ്ചന്‍കോട് പാതക്ക് പകരം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച തലശ്ശേരി- മൈസൂരു റെയില്‍പാതയാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. വന മേഖല ഒഴിവാക്കി പുതിയ അലൈന്‍മെന്റ് തയാറാക്കി പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നീക്കം സജീവമാക്കാന്‍ മാത്രമാണ് ഏറ്റവും ഒടുവിലത്തെ തീരുമാനം. ഇതിനായി രണ്ടു മാസം കഴിഞ്ഞ് കേരള- കര്‍ണാടക ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടക്കും.
വനത്തിലൂടെ റെയില്‍പാത നിര്‍മിക്കുന്നതിന് കോടതിയും കര്‍ണാടക സര്‍ക്കാരും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് അലൈന്‍മെന്റ് മാറ്റി വിശദപഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ ആലോചിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പാതക്കായുള്ള നീക്കങ്ങള്‍ സജീവമാക്കുക.
എന്നാല്‍ ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും ലാഭകരമായ പദ്ധതിയാണെന്ന് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി നടത്തിയ വിശദമായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഡി.എം.ആര്‍.സി തന്നെ നടത്തിയ സാധ്യതാ പഠനത്തില്‍ തലശ്ശേരി-മൈസൂരു പാത പ്രായോഗികമല്ലെന്നും കണ്ടെത്തിയിരുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 30 സംയുക്ത സംരഭങ്ങളില്‍പെടുത്തി 3000 കോടി രൂപ വിഹിതം പ്രഖ്യാപിച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാതയോടെ താല്‍പര്യമില്ലാതിരുന്ന ഇടതു സര്‍ക്കാര്‍ ഡി.എം.ആര്‍.സിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേയെ കൊണ്ട് വീണ്ടും സാധ്യതാ പഠനത്തിന് റിപ്പോര്‍ട്ട് തയാറാക്കിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 30ന് കൊങ്കണ്‍ റെയില്‍വേ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ വിശദപഠന റിപ്പോര്‍ട്ടാണ് ഇനി തയാറാക്കുക. എന്നാല്‍ വനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധനം പോലും നീക്കാന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ തലശ്ശേരി- മൈസൂരു പാതയും എതിര്‍ക്കുമെന്നുറപ്പാണ്.
സാധ്യതാപഠനത്തിനുള്ള സര്‍വേക്കും കര്‍ണാടകയുടെ അനുമതി ആവശ്യമാണ്. ചര്‍ച്ചക്കും വിശദപഠന റിപ്പോര്‍ട്ടും തയാറാക്കാന്‍ മുന്‍കൈയെടുക്കുന്ന കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ആര്‍.ഡി.സി.എല്‍) വനത്തിന് പുറത്തുകൂടെ ദൈര്‍ഘ്യം കൂടിയാലും പാത യാഥാര്‍ത്ഥ്യമാക്കാനുള്ള തീരുമാനത്തിലാണ്.
എന്നാല്‍ ഇതിന് പ്രാദേശിക എതിര്‍പ്പുകളും മറികടക്കേണ്ടതുണ്ട്. ഏറെക്കുറെ യാഥാര്‍ത്ഥ്യമാകുന്നതിനടുത്തെത്തിയ നിലമ്പൂര്‍- നഞ്ചന്‍കോട് പാത ഒഴിവാക്കി തലശ്ശേരി-മൈസൂരു പാത കൊണ്ടുവരുന്നത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണെന്ന ആരോപണം ശക്തമാണ്.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ മാറുമ്പോള്‍ വയനാടിന്റെ വികസന സ്വപ്നങ്ങള്‍ക്കാണ് തിരിച്ചടിയാകുന്നത്. സംസ്ഥാനത്തിന്റെ പൊതുസ്വഭാവം പരിഗണിച്ച് ഇനി യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇടതുപക്ഷത്തിന്റെ തലശ്ശേരി- മൈസൂരു പാതക്ക് പകരം നിലമ്പൂര്‍- നഞ്ചന്‍കോട് പാത വീണ്ടും സജീവമാകും.
സാധ്യതാ- വിശദ പഠനങ്ങള്‍ക്ക് ചെലവഴിക്കുന്ന കോടികള്‍ പൊതുഖജനാവിന് നഷ്ടപ്പെടുത്തുകയല്ലാതെ, വയനാടിന്റെ റെയില്‍ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കാന്‍ ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."