HOME
DETAILS

മലയാള ഭാഷയെ അപമാനിക്കരുത്

  
backup
March 21 2018 | 20:03 PM

mallayala-bhaashaye-apanmanikkaruth


സര്‍ക്കാര്‍ ഔദ്യോഗിക ഭാഷയായി മലയാളം പ്രഖ്യാപിച്ചിട്ടും മധുര മലയാളം പോലുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടും ഭാഷയെ വികലമായും ശുദ്ധി നഷ്ടപ്പെടുത്തിയും പ്രയോഗിച്ചുകൊണ്ടിരിക്കുന്നതിന് ഇതുവരെ അറുതി ഉണ്ടായിട്ടില്ല. സര്‍വകലാശാല അധ്യാപകര്‍ക്ക് വരെ മലയാളം നേരെ ചൊവ്വെ എഴുതാന്‍ കഴിയുന്നില്ല. ഈയൊരു പശ്ചാതലത്തില്‍ തന്റെ കവിതകള്‍ സര്‍വകലാശാലകളിലോ കോളജുകളിലോ സ്‌കൂളുകളിലോ പഠിപ്പിക്കരുതെന്നും കവിതകളില്‍ ഗവേഷണം പാടില്ലെന്നുമുള്ള കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നിലപാട് തികച്ചും പ്രസക്തമാണ്. അരക്കവികളും മുക്കാല്‍ കവികളും അവരുടെ കവിതകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ ഓടിനടക്കുന്ന കാലത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത് ധീരമായ തീരുമാനമാണ്. മലയാളിയുടെ കാവ്യബോധത്തെ പുതുക്കിപ്പണിത കവികളില്‍ അഗ്രസ്ഥാനത്താണ് ബാലചന്ദ്രന്‍ ചുള്ളിക്കാടുള്ളത്.
അമ്പത് വര്‍ഷത്തെ കവിതയെഴുത്തിനിടയില്‍ സാഹിത്യത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നോ മറ്റു സംഘടനകളില്‍ നിന്നോ ഒരു ബഹുമതിയും സ്വീകരിക്കാത്ത, കേരള സാഹിത്യ അക്കാദമിയോട് തന്റെ കവിതകള്‍ അവാര്‍ഡിനായി പരിഗണിക്കരുതെന്ന് വളരെ മുമ്പുതന്നെ അഭ്യര്‍ഥിച്ച മലയാളത്തിലെ ഏക കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്.
അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അതിന്റേതായ ആര്‍ജവമുണ്ട്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും പരിശോധിക്കാതെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുകള്‍ വാരിക്കോരി കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഷയെ മലിനപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുണ്ട്. ഉന്നത വിജയം നേടുന്ന സ്ഥാപനമെന്ന പരസ്യവാചകത്തിന് വേണ്ടി ഭാഷയെ തന്നെ നശിപ്പിക്കുകയാണിവര്‍. ഉന്നത ബിരുദം നേടുന്ന പലര്‍ക്കും അക്ഷരത്തെറ്റു കൂടാതെ മലയാളം എഴുതാനറിയില്ല.
മലയാള ഭാഷയില്‍ എം.എയും എം.ഫിലും ഉണ്ടായത് കൊണ്ട് മാത്രം ഭാഷയും സാഹിത്യവും പഠിപ്പിക്കുവാന്‍ കഴിയണമെന്നില്ല. വികലമായ അക്ഷരങ്ങളിലൂടെ തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ കണ്ടാണ് തന്റെ കവിതകള്‍ പഠിപ്പിക്കേണ്ടതില്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നത്. ഒരു അധ്യാപിക സംശയനിവാരണത്തിനായി എഴുതി ചോദിച്ച ചോദ്യങ്ങളപ്പടിയും അക്ഷരത്തെറ്റുകള്‍ നിറഞ്ഞതായിരുന്നു എന്ന തിക്താനുഭവം ബാലചന്ദ്രന്‍ വിവരിക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയില്‍ ഭാഷയെ മാതാവിനെപ്പോലെ സ്‌നേഹിക്കുന്ന ഏതൊരാളും ബാലചന്ദ്രന്റെ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക.
തുഞ്ചെത്തെഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരും ഉള്ളൂരും വള്ളത്തോളും കുമാരനാശാനും എഴുതിയ കവിതകള്‍ വായിച്ച് ഭാഷയുടെ ലാവണ്യം അനുഭവിച്ചു എന്നതാണ് മലയാളത്തിന്റെ മഹത്വം. ശുപാര്‍ശകളുടെയും സ്വാധീനത്തിന്റെയും ബലത്തില്‍ അക്ഷരങ്ങള്‍ നേരെ ചൊവ്വെ എഴുതാനറിയാത്തവരെപ്പോലും കോളജുകളില്‍ അധ്യാപകരായി നിയമിക്കുന്നതിന്റെ ദുര്യോഗമാണ് ഇന്നത്തെ മലയാളി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു സര്‍വകലാശാലയില്‍ കവിത വായിക്കാനുള്ള ക്ഷണം സ്വീകരിച്ച് പങ്കെടുത്തപ്പോള്‍ ഒരു കുട്ടി നല്‍കിയ കുറിപ്പ് സാറിന്റെ ആന'ന്ത'ധാര എന്ന കവിത വായിക്കണമെന്നായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ആനന്ദധാര'യാണ് കുട്ടി ഉദ്ദേശിച്ചത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒരു കുട്ടിയാണ് ഇത്തരമൊരു കുറിപ്പ് കവിക്ക് നല്‍കിയത്. തന്റെ കവിതകള്‍ മേലില്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കരുതെന്ന അദ്ദേഹത്തിന്റെ അപേക്ഷക്ക് എന്താണ് തെറ്റ്.
അക്ഷരത്തെറ്റുകളും ആശയവൈകല്യങ്ങളും നിറഞ്ഞ മലയാള പ്രബന്ധങ്ങള്‍ക്ക് ഗവേഷണ ബിരുദം നല്‍കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മലയാള ഭാഷക്ക് വിശുദ്ധി തിരികെകൊണ്ടുവരുവാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നിലപാടുകള്‍ക്ക് കഴിയുമെങ്കില്‍ അത് ഭാഷക്ക് വേണ്ടി ചെയ്യുന്ന നന്മ തന്നെയായിരിക്കും. അധ്യാപകര്‍ക്ക് പോലും ഭാഷാപരിജ്ഞാനം ഇല്ലാതെ വരുമ്പോള്‍ വളര്‍ന്ന് വരുന്ന തലമുറ വായനയില്‍ നിന്ന് അകലും. വായനയില്ലാത്ത ഒരാള്‍ വാതായനങ്ങളും ജാലകങ്ങളും ഇല്ലാത്ത വീട് പോലെയാണ്.
സംസ്‌കാരത്തിന്റെ പലായനമായിരിക്കും ഇതിന്റെ അനന്തരഫലം. ഇത്തരമൊരു തലമുറ, തന്നെ മറന്ന് പോയ്‌ക്കോട്ടെ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുമ്പോള്‍ ഭാഷയെ അതിരറ്റ് സ്‌നേഹിക്കുന്ന, അതിന്റെ അപമൃത്യു കണ്ട്‌നില്‍ക്കേണ്ടി വരുന്ന ഒരു നിസ്സഹായന്റെ നിലവിളിയായിട്ട് വേണം അതിനെ കാണാന്‍.
സോഷ്യല്‍മീഡിയ സാഹിത്യകാരന്മാരാണ് ഭാഷക്ക് മാരകമായ പരിക്കേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. അക്ഷര മാലിന്യങ്ങളുടെ കൂമ്പാരമാണ് ഇവരില്‍ പലരുടെയും സാഹിത്യ സംഭാവനകള്‍. ഇവരെ നിയന്ത്രിക്കുവാനോ തടഞ്ഞ് നിര്‍ത്തുവാനോ യാതൊരു മാര്‍ഗവുമില്ലാത്തതിനാല്‍ ഇവരിലൂടെ ഭാഷയുടെ അന്ത്യം കണ്ട് നില്‍ക്കുകയല്ലാതെ വേറെയെന്ത് വഴി. ശരിയായ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയുമല്ലാതെ ഒരു തലമുറയുടെ ചിന്താശക്തിയെ പോഷിപ്പിക്കാനാവില്ല. ചിന്താശക്തിയില്ലാത്ത തലമുറയെ സൃഷ്ടിക്കുക എന്നത് കോര്‍പ്പറേറ്റുകളുടെ ആവശ്യമാണ്. ഇതിന് കൂട്ടുനില്‍ക്കുകയാണ് ഭാഷയെ മലിനീകരിച്ചുകൊണ്ടിരിക്കുന്ന ചില മലയാളം അധ്യാപകരും ഗവേഷണ വിദഗ്ധരും. ആശയ വൈകല്യങ്ങള്‍ക്കും അക്ഷരത്തെറ്റുകള്‍ക്കും വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ഇവര്‍ വാദിക്കുന്നത് അതിനാലാണ്. ചിരസ്മരണീയരായ സാഹിത്യനായകര്‍ മലയാളത്തിന് നല്‍കിയത് വാക്കുകളില്‍ തീര്‍ത്ത സ്ഫടിക സൗധങ്ങളാണ്. മലയാള കവിതക്ക് പുതിയൊരു ഭാവുകത്വം നല്‍കിയ കവി സാര്‍വ ഭൗമന്‍ തന്നെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാള ഭാഷയുടെ മലര്‍മന്ദഹാസമായി മലയാളിയെ അനുഭവിപ്പിച്ച കവി ശ്രേഷ്ഠനാണദ്ദേഹം. മലയാള ഭാഷയുടെ ചാരിത്ര്യത്തിന് കാവല്‍നില്‍ക്കുന്ന ധീരനായ പോരാളിയുടെ ദൗത്യമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് നിര്‍വഹിച്ചിരിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago