പി.എസ്.സി ചോദ്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ നടപടി
കണ്ണൂര്‍: പി.എസ്.സിയുടെ പരീക്ഷാ ചോദ്യങ്ങളില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന പിഴവുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നു.
ഇത്തരം തെറ്റുകള്‍ വരുത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ചോദ്യകര്‍ത്താക്കളുടെ പാനലില്‍ ഉള്‍പ്പെടുന്നവരുടെ ജോലിയുടെ ഭാഗമാക്കി പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
അടുത്തിടെ പി.എസ്.സി നടത്തിയ മിക്ക പരീക്ഷകളിലും ചോദ്യങ്ങളെ സംബന്ധിച്ച് വ്യാപകമായ പരാതികളുയര്‍ന്നിരുന്നു.
അടുത്തിടെ നടന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയിലെ ചോദ്യങ്ങളിലും വ്യാപക പിഴവായിരുന്നു. ഒരു ഗൈഡില്‍ നിന്നുള്ള 26 ചോദ്യങ്ങള്‍ വരെ ഓപ്ഷന്‍ പോലും മാറാതെ വന്നിരുന്നു. ഇത്തരം പിഴവുകള്‍ ചോദ്യം ചെയ്തുകൊണ്ട് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
തിരഞ്ഞെടുത്ത അധ്യാപക പാനലിലുള്ളവര്‍ രഹസ്യ സ്വഭാവം സൂക്ഷിച്ചാണ് പി.എസ്.സി ചോദ്യപേപ്പര്‍ തയാറാക്കുന്നത്. വ്യാപകമായ ആക്ഷേപമുയര്‍ന്നാലും ചോദ്യങ്ങളിലുണ്ടാകുന്ന പിഴവിനെതിരേ ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പി.എസ്.സിയോ സര്‍ക്കാരോ തയാറായിരുന്നില്ല.
പരീക്ഷ റദ്ദാക്കുകയോ വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കുകയോ ആണ് ചെയ്യാറ്. ഇനി മുതല്‍ പ്രസ്തുത പാനലില്‍ ഉള്‍പ്പെട്ടവര്‍ വീഴ്ച വരുത്തിയാല്‍ പി.എസ്.സി സര്‍ക്കാരിനെ അറിയിക്കുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."