പേരാമ്പ്ര ഇരട്ടക്കൊല: പ്രതിക്ക് ഇരട്ട ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും
വടകര: പേരാമ്പ്രയില്‍ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുന്നുമ്മല്‍ ചന്ദ്രന് (54) ഇരട്ട ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷ. വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഞാണിയത്ത് തെരു വട്ടക്കണ്ടിമീത്തല്‍ ബാലന്‍ (62), ഭാര്യ ശാന്ത (59) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ പേരാമ്പ്ര ഞാണിയം തെരുവിലെ കൂനേരികുന്നുമ്മല്‍ ചന്ദ്രന് ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കൊലപാതകം, ഭവനഭേദനം, കവര്‍ച്ച, കവര്‍ച്ചയ്ക്കിടെ മുറിവേല്‍പ്പിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം ചന്ദ്രന്‍ കുറ്റം ചെയ്‌തെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ജഡ്ജ് എം.വി രാജകുമാര ശിക്ഷ വിധിച്ചത്.
പ്രതി വീട് കൈയേറിയതിന് അഞ്ചു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും ആഭരണം കവര്‍ച്ച ചെയ്ത വകുപ്പില്‍ പത്തു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും, അക്രമം തടയാനെത്തിയ അജില്‍ സന്തോഷിനെവെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ തുക അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. ബാലനേയും ശാന്തയേയും വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തവും 25000 രൂപാ വീതം പിഴയും അടക്കണം. 22 വര്‍ഷത്തെ കഠിന തടവ് അവസാനിച്ച ശേഷമാണ് ജീവ പര്യന്തം തടവ് അനുഭവിക്കേണ്ടത്. ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതി.
2015 ജൂലായ് 9നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാലന്റെ വീടുമായി അടുത്ത് പരിചയമുണ്ടായിരുന്ന ചന്ദ്രന് അന്ന് രാത്രി ബാലന്റെ വീട്ടിലെത്തി 10,000 രൂപ കടമായി ആവശ്യപ്പെട്ടു. ഈ പണം എടുക്കാന്‍ മുകള്‍ നിലയിലേക്ക് പോയ ബാലന്റെ പിന്നാലെ എത്തിയ ചന്ദ്രന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മുറിയിലേക്ക് എത്തിയ ശാന്തനേയും വെട്ടിക്കൊലപ്പെടുത്തി. ബഹളം കേട്ടെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജില്‍ സന്തോഷിന് വെട്ടേറ്റിരുന്നു.
വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലന്‍ വെട്ടേറ്റ് മരിച്ചത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്. കൊലപാതകത്തിന് ശേഷം ശാന്തയുടെ മൃതദേഹത്തില്‍ നിന്ന് വളകളും സ്വര്‍ണമാലയും അഴിച്ചെടുത്ത് പ്രതി സ്ഥലം വിടുകയായിരുന്നു. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീടിന്റെ പിറകുവശത്ത് കൂട്ടിയിട്ട മരക്കഷണങ്ങള്‍ക്കിടയില്‍ നിന്ന് 41 സെന്റീ മീറ്റര്‍ നീളമുള്ള കൊടുവാളും സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിരുന്നു.
നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യത്തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.മരിച്ച ബാലനും പ്രതി ചന്ദ്രനും സംസാരിച്ചതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ അടക്കം 51 സാക്ഷികളെ വിസ്തരിച്ചു. കേസിന്റെ ഭാഗമായി ഡി.എന്‍.എ പരിശോധന ഉള്‍പെടെ നടന്നു. 94 രേഖകളും 28 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊല്ലപ്പെട്ട ബാലന്റെ മകന്‍ ആനന്ദിന്റെ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ച അജില്‍ സന്തോഷ് രണ്ടാം സാക്ഷിയുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം അശോകനും, ടി.ഷാജിയും പ്രതി ഭാഗത്തിന് വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകന്‍ അഡ്വ.അബ്ദുല്ല മണപ്രത്തുമാണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."