പയ്യന്നൂരിലെ നൗഫല്‍ വധം: പ്രതി പൊലിസില്‍ കീഴടങ്ങി
പയ്യന്നൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയിലെ നൗഫല്‍ (40) പയ്യന്നൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി ചെറുവത്തൂര്‍ സ്വദേശി പൊള്ളയില്‍ പ്രകാശന്‍ (40) പൊലിസില്‍ കീഴടങ്ങി. പ്രകാശന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. മൂന്നു മാസം മുന്‍പ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഗേറ്റിന് സമീപമാണ് താഴെചൊവ്വയിലെ അല്‍ അസറില്‍ അസൈനാര്‍ ഹാജിയുടെ മകന്‍ നൗഫലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ പൊലിസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രകാശന്‍ ഇന്നലെ രാവിലെ 10.30 ഓടെയാണ് പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
നൗഫലിന്റെ മരണകാരണം ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ മര്‍ദനം മൂലമാണെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ആടിസ്ഥാനത്തിലായിരുന്നു കേസന്വേഷണം. അന്വേഷണത്തില്‍ ചെറുവത്തൂര്‍ സ്‌റ്റേഷന്‍ പരിസരത്തു വച്ചാണ് നൗഫലിന് മര്‍ദ്ദനമേറ്റതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
ബംഗ്്‌ളൂരുവിലുള്ള ഉമ്മയേയും സഹോദരനെയും സന്ദര്‍ശിച്ച് തിരിച്ച് വരുന്നതിനിടെ ചെറുവത്തൂല്‍ റെയില്‍വേ സ്റ്റേഷനില്‍ നൗഫല്‍ ഇറങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. സ്‌റ്റേഷന്‍ കാന്റീനില്‍ രാവിലെ 6നും 7 മണിക്കുമിടയില്‍ നൗഫല്‍ ചായകുടിക്കാനെത്തിയതായും ആ സമയം മര്‍ദനമേറ്റതായി തോന്നിയിട്ടില്ലെന്നും കാന്റീന്‍ ജീവനക്കാരന്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. അന്നേ ദിവസം വൈകുന്നേരത്തോടെ ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് താഴെവച്ച് പ്രതിയായ പ്രകാശനും സംഘവും നൗഫലുമായി വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് സംഘട്ടനത്തില്‍ എത്തുകയുമായിരുന്നു. മര്‍ദ്ദനമേറ്റ നൗഫല്‍ കണ്ണൂരിലേക്ക് പോകാന്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറോട് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓട്ടോഡ്രൈവര്‍ പാസഞ്ചര്‍ ട്രെയിനില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനില്‍ കയറിയ നൗഫല്‍ കണ്ണൂരില്‍ എത്തുന്നതിനു മുന്‍പ് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരികാവയവത്തിന് ഏറ്റ മാരകമായ ക്ഷതംമൂലം ശ്വാസ തടസം നേരിട്ടാണ് മരണം സംഭവിച്ചത്.
ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവറും നാട്ടുകാരില്‍ ചിലരും നല്‍കിയ സൂചനകളെ തുടര്‍ന്ന് മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് പൊലിസ് നീങ്ങുന്നതിനിടെ കഴിഞ്ഞ ആഴ്ച പ്രകാശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. എന്നാല്‍ കോടതി പ്രകാശന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പയ്യന്നൂര്‍ എസ്.എച്ച്.ഒ എം.പി ആസാദിന്റെ മുന്‍പാകെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."