കിം ജോങ് ഉന്‍ ചൈനയില്‍ തന്നെ
ബെയ്ജിങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചൈന സന്ദര്‍ശന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കിം ചൈന സന്ദര്‍ശിച്ചുവെന്നും പ്രസിഡന്റ് ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയിലെത്തിയ കിം ജോങ് ഉന്നിനെയും അദ്ദേഹത്തിന്റെ ഭാര്യ റി സോണ്‍ജുവിനെയും ചൈനീസ് പ്രസിഡന്റും ഭാര്യ പെങ് ലിയുവാനും ചേര്‍ന്നാണ് സ്വീകരിച്ചത്. പിന്നീട് നടന്ന കലാപരിപാടികള്‍ ഇരുവരും വീക്ഷിച്ചു. വിജയകരമായ കൂടിക്കാഴ്ചയാണ് ഇരുവരും നടത്തിയതെന്ന് സിന്‍ഹുവ വ്യക്തമാക്കി. അതേ സമയം ആണവായുധം ഉപേക്ഷിക്കുമെന്നും ദക്ഷിണകൊറിയയും യു.എസും തങ്ങളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണെങ്കില്‍ കൊറിയന്‍ മേഖലയില്‍ സമാധാന അന്തരീക്ഷമുണ്ടാവുമെന്നും കിം കൂടിക്കാഴ്ചയില്‍ പറഞ്ഞു. യു.എസുമായി ആവശ്യമായ ചര്‍ച്ച നടത്തുന്നതിനും വേണമെങ്കില്‍ ഉച്ചകോടി നടത്തുന്നതിനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കിം ചൈനയിലെത്തിയ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്. പ്രത്യേക തീവണ്ടിയില്‍ അദ്ദേഹം ബെയ്ജിങ്ങിലെത്തിയ വാര്‍ത്തയും വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ വ്യാപകമായത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഈ സന്ദര്‍ശനത്തെ ഉ.കൊറിയയോ ചൈനയോ സ്ഥിരീകരിച്ചിരുന്നില്ല.
അടുത്ത മാസം ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയുമായും മെയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കിമ്മിന്റെ ചൈന സന്ദര്‍ശനം. അതിനിടെ ഉത്തരകൊറിയ സന്ദര്‍ശിക്കാന്‍ ജിന്‍പിങ് സമ്മതിച്ചതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടിക്കാഴ്ചക്കിടെ കിമ്മിന്റെ സന്ദര്‍ശനക്ഷണത്തെ തുടര്‍ന്നാണിത്. ഉചിത സമയത്ത് ഔദ്യോഗിക സന്ദര്‍ശനത്തിനാണ് ആവശ്യപ്പെട്ടതെന്നും സന്തോഷപൂര്‍വം അദ്ദേഹം സ്വീകരിച്ചുവെന്നും ഉ.കൊറിയന്‍ ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
ഉ.കൊറിയന്‍ ഭരണാധികാരിയായി 2011ല്‍ കിം അധികാരമേറ്റെടുത്തത് മുതലുള്ള ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്.
രഹസ്യമായി ചൈനയില്‍ എത്തിയ കിമ്മിന് വന്‍സുരക്ഷാ സംവിധാനങ്ങളാണ് ബെയ്ജിങ്ങില്‍ ഒരുക്കിയത്. ഉത്തരകൊറിയന്‍ നയതന്ത്ര കാര്യലയത്തിന് സമീപവും വന്‍ സുരക്ഷ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."