ചെര്‍ക്കളയില്‍ പുതിയ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കാന്‍ നടപടിയായി
ചെര്‍ക്കള: അശാസ്ത്രീയമായി നിര്‍മിച്ച ചെര്‍ക്കള ടൗണിലെ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു നീക്കിയ സ്ഥലത്ത് പുതിയ സര്‍ക്കിള്‍ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങി. പൊളിച്ചുമാറ്റിയ സര്‍ക്കിളിന്റെ സ്ഥാനത്ത് പുതിയ സര്‍ക്കിള്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയായി. 36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് മരാമത്ത് വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 16നാണു പുതിയ സര്‍ക്കിള്‍ നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടന്നത്.
നേരത്തേ ഒരു തവണ ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കിലും ഏറ്റെടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ടെന്‍ഡറില്‍ ഒരാള്‍ മാത്രമാണു പങ്കെടുത്തത്. അടങ്കല്‍ തുകയുടെ 20 ശതമാനം തുക കൂട്ടിയാണ് ഇയാള്‍ ക്വാട്ട് ചെയ്തത്. എന്നാല്‍ പരമാവധി 10 ശതമാനം തുക അധികം വന്നാല്‍ മാത്രമേ കരാര്‍ അംഗീകരിക്കാന്‍ വ്യവസ്ഥയുള്ളൂ. കരാറെടുത്തയാള്‍ ഇത് അംഗീകരിക്കുമെന്നാണു സൂചന. അങ്ങനെയെങ്കില്‍ അന്തിമ കരാര്‍ ഒപ്പുവച്ച് അടുത്തമാസം തന്നെ പണി ആരംഭിക്കും. മഴക്കാലം തുടങ്ങുന്നതിനു മുമ്പായി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് മരാമത്ത് അധികൃതരുടെ തീരുമാനം. പൊതു മരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗമാണു രൂപരേഖ തയാറാക്കിയത്. പരാതികള്‍ ഒഴിവാക്കാന്‍ ആദ്യം പുതിയ രൂപരേഖ പ്രകാരമുള്ള താല്‍ക്കാലിക സര്‍ക്കിള്‍ സ്ഥാപിക്കും. ഇതില്‍ എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ ഇപ്പോഴുള്ള രൂപരേഖയില്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയാകും അന്തിമ സര്‍ക്കിള്‍ നിര്‍മിക്കുക. പഞ്ചായത്ത് അധികൃതരുമായും എം.എല്‍.എയുമായും കൂടിയാലോചനകള്‍ നടത്തി മാത്രമേ സര്‍ക്കിള്‍ നിര്‍മാണം ആരംഭിക്കുകയുള്ളൂ. മന്ത്രി ഇക്കാര്യം നേരത്തേ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
2016ല്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു ടൗണ്‍ നവീകരണത്തിന്റെ ഭാഗമായാണ് രണ്ടു വലിയ സര്‍ക്കിളുകള്‍ സ്ഥാപിച്ചത്. ദേശീയപാത ഉള്‍പ്പെടെ നാലുപ്രധാന റോഡുകള്‍ സംഗമിക്കുന്ന ചെര്‍ക്കളയിലെ ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കിള്‍ നിര്‍മിച്ചത്. എന്നാല്‍ ഈ സര്‍ക്കിള്‍ കൂടുതല്‍ ഗതാഗത കുരുക്കിനും വാഹനാപകടങ്ങള്‍ക്കും കാരണമായി മാറുകയായിരുന്നു. ടൗണിന്റെ ഘടനയും വാഹനങ്ങള്‍ പോകുന്ന ദിശയും വീതിയും പരിഗണിക്കാതെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗം സര്‍ക്കിളിന്റെ രൂപരേഖ തയാറാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരേ നാട്ടുകാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും വ്യാപക പ്രതിഷേധം ഉയരുകയും അശാസ്ത്രീയമായി പണിത സര്‍ക്കിള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്കു പരാതി നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഒരു യാത്രയ്ക്കിടെ സര്‍ക്കിള്‍ നേരിട്ടു കാണുകയും ഇതു പൊളിക്കാന്‍ ഉത്തരവിടുകയായിരുന്നു. മന്ത്രി പൊളിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടും പൊളിക്കാതെ കിടക്കുന്ന സര്‍ക്കിള്‍ കഴിഞ്ഞ നവംബറില്‍ വീണ്ടും ജില്ലയിലെത്തിയ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുകയും അന്നുതന്നെ പൊളിക്കാന്‍ അന്ത്യശാസനം നല്‍കുകയും മന്ത്രി ജില്ല വിടുന്നതിനു മുമ്പായി പൊളിച്ചുമാറ്റാനുളള നടപടികള്‍ ആരംഭിക്കുകയുമായിരുന്നു.
കാലതാമസമില്ലാതെ അനുയോജ്യമായ പുതിയ സര്‍ക്കിള്‍ നിര്‍മിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനമാണ് നാലുമാസം കൊണ്ട് യഥാര്‍ഥ്യമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."