മൂന്നാറില്‍ രേഖകളില്ലാത്ത ഹോം സ്‌റ്റേകള്‍ക്കെതിരേ നടപടി
തൊടുപുഴ: മൂന്നാറില്‍ രേഖകളില്ലാത്ത ഹോം സ്‌റ്റേകള്‍ക്കെതിരേ റവന്യു വകുപ്പും പഞ്ചായത്തും നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മതിയായ രേഖകളില്ലാതെയും ഭൂവിനിയോഗ ചട്ടങ്ങള്‍ ലംഘിച്ചും നടത്തുന്ന ഹോം സ്‌റ്റേകള്‍ക്ക് നോട്ടീസ് നല്‍കി.
മൂന്നാര്‍ കോളനിയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കു പാര്‍പ്പിട പദ്ധതിക്കായി പഞ്ചായത്ത് നല്‍കിയ സ്ഥലം വില്‍പന നടത്തുകയും വീടുകള്‍ക്കു പകരം ഹോം സ്‌റ്റേകളും മറ്റും നടത്തുന്നവര്‍ക്ക് എതിരെയാണ് പഞ്ചായത്ത് നോട്ടിസ് നല്‍കിയത്. ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി രാജീവ് ഗാന്ധി കോളനിയിലെ ഹോം സ്‌റ്റേകള്‍ക്കാണ് നോട്ടിസ് നല്‍കിയത്.
പിന്നാക്ക വിഭാഗക്കാരായ ഭവനരഹിതര്‍ക്കു വീടുവച്ചു നല്‍കാന്‍ 2005ല്‍ കോളനിയില്‍ സര്‍വേ നമ്പര്‍ 912ല്‍ അഞ്ചേക്കര്‍ ഭൂമിയാണ് പഞ്ചായത്ത് ഏറ്റെടുത്തത്. രണ്ടര സെന്റ് വീതം 213 ഗുണഭോക്താക്കള്‍ക്കു നല്‍കുകയും ഭവന നിര്‍മാണത്തിനു ധനസഹായം അനുവദിക്കുകയും ചെയ്തു. എന്നാല്‍ സൗജന്യമായി സ്ഥലവും ഭവന നിര്‍മാണ സഹായവും ലഭിച്ച ഒട്ടേറെപ്പേര്‍ അതു വന്‍തുകയ്ക്കു മറിച്ചുവിറ്റു. രണ്ടര സെന്റ് സ്ഥലത്തിനു മാത്രം 20 ലക്ഷം രൂപ വരെയായിരുന്നു വില. ഇങ്ങനെ താമസത്തിനു സ്ഥലവും വീടും ലഭിച്ചവരും വാങ്ങിയവരുമാണ് ഹോം സ്‌റ്റേകള്‍ ആരംഭിച്ചത്. പല പ്ലോട്ടുകളിലും മൂന്നുനില കെട്ടിടങ്ങള്‍ വരെ ഉയര്‍ന്നിട്ടുണ്ട്. ചട്ടലംഘനം നടത്തിയവരുടെ കെട്ടിട നമ്പറുകളും ഈ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെങ്കില്‍ അവയും റദ്ദ് ചെയ്യാനും വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡിനു ശുപാര്‍ശ നല്‍കാനും ആവശ്യപ്പെട്ടാണ് സബ്കലക്ടര്‍ പഞ്ചായത്തിന് നോട്ടിസ് നല്‍കിയത്.
ഈ നോട്ടിസിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് ഇവിടത്തെ താമസക്കാരുടെയും സ്ഥാപനങ്ങളുടെയും വിവരം ശേഖരിക്കുകയും 11 ഹോം സ്‌റ്റേകള്‍ക്ക് ഏഴു ദിവസത്തിനകം രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു നോട്ടിസ് കൈമാറിയിരിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."