അംബേദ്കറുടെ പേര് മാറ്റിയ നടപടി രാഷ്ട്രീയ ലാഭത്തിന്: കൊടിക്കുന്നില്‍ സുരേഷ്
കൊല്ലം: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇന്ത്യന്‍ ഭരണ ഘടനാ ശില്പിയും ഭാരതത്തിലെ അധഃസ്ഥിത ജനവിഭാഗത്തിന്റെ മോചനത്തിന് വേണ്ടി പൊരുതിയ ഡോ. ബി.ആര് അംബേദ്കറുടെ പേര് ഭീംറാവു റാംജി അംബേദ്കര്‍ എന്ന് വികസിപ്പിച്ച് ഔദ്യോഗിക രേഖയാക്കിയ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി അംബേദ്കറെ അധിക്ഷേപിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
ഡോ. ബി.ആര് അംബേദ്കറുടെ പേരിനെനൊപ്പം റാംജി എന്ന അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ചേര്‍ത്ത് അദ്ദേഹത്തെ വര്‍ഗ്ഗീയ വല്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി.ജെ.പി സംഘപരിവാര്‍ നീക്കം അപലപനീയമാണ്. ഇത് ഇന്ത്യയിലെ ദലിത് ആദിവാസി സമൂഹം പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്കി.
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കാവിവല്‍കരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് തൊട്ടു പിന്നാലെയാണ് ജാതിയമായി വിവേചനത്തിനും അടിമത്വത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മതേതര വാദിയായ ഡോ.അംബേദ്കറെ റാംജി എന്ന പേര് കൂടി നല്കി ഹൈന്ദവവല്ക്കരിക്കാന് ബി.ജെ.പി വിഫല ശ്രമം നടത്തുന്നത്.
ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിക്ക് 2019 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ദളിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മനസിലാക്കിയും ദലിത് വിഭാഗങ്ങള്‍ ബി.ജെ.പി യില്‍ നിന്നും അകന്ന് പോകുന്നതിനെ ചെറുക്കുന്നതിനും വേണ്ടിയാണ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്മെന്റ് അംബേദ്കറുടെ പേരില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
ഡോ. ബി.ആര് അംബേദ്കര്‍ എന്ന പേരില്‍ ലോകത്താകമാനം പ്രശസ്തനായ, സമാനതകളില്ലാത്ത അദ്ദേഹത്തെ ബി.ജെ.പിയും സംഘപരിവാറും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയിലെ ദലിത് വിഭാഗങ്ങള്‍ തിരിച്ചറിയും.
ഇന്ത്യയില്‍ എല്ലായിടത്തും ദളിത് ആദിവാസി വിഭാഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും പുതിയ അംബേദ്കര്‍ സ്നേഹം വരുന്ന തെരഞ്ഞെടുപ്പില്‍ വിലപോകില്ലെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."