ധനകാര്യകമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ ധാരണക്ക് വിരുദ്ധം
ന്യൂഡല്‍ഹി: 15ാം ധനകമ്മിഷന്റെ വിവാദമായ പരിഗണനാ വിഷയങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂട്ടുപിടിച്ച് കേന്ദ്രത്തിനെതിരേ കേരളം രംഗത്ത്. കമ്മിഷന്റെ വിവാദമായ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ സംവിധാനത്തിനു വിരുദ്ധമാണെന്നും ഇതിനെതിരേ പൊതുജനാഭിപ്രായം രൂപപ്പെടുത്തുമെന്നും ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗം അടുത്തമാസം 10ന് തിരുവനന്തപുരത്ത് ചേരുമെന്നും കേരളാഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നികുതി വിഹിതം കൊടുത്തശേഷം കമ്മി ഉണ്ടെങ്കില്‍ വീണ്ടും ഗ്രാന്റ് നല്‍കുന്നതു നിര്‍ത്തണമെന്ന് പറയുന്നത് സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും. 1971 മുതല്‍ 2011 വരെ കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ജനസംഖ്യ വര്‍ധിച്ചത് 50 ശതമാനം മാത്രമാണ്. 1970 ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പിനു വിപരീതമായി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിഹിതം പങ്കുവയ്ക്കുന്നതു കേരളത്തിനു വലിയ നഷ്ടമുണ്ടാക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ നഷ്ടം തമിഴ്‌നാടിനും ആന്ധ്രയ്ക്കുമായിരിക്കും. കേരളത്തിനു 20,000 കോടി രൂപ വരെ നഷ്ടമുണ്ടായേക്കാം.
ആന്ധ്രപ്രദേശ് ഇതിനകം അവരുടെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പിന്നാക്ക സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വിഹിതം അനുവദിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതമാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു.
കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ നടപ്പിലായാല്‍ അതുമൂലം ഏറ്റവും നഷ്ടം സംഭവിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്. ധനകാര്യകമ്മിഷന്‍ ഭരണഘടനാ സ്ഥാപനമാണ്. നികുതി വരുമാനം കൂടുതല്‍ കേന്ദ്രത്തിനു ലഭിക്കുന്ന തരത്തിലുള്ള വിഷയങ്ങളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. എന്നാല്‍ സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ നിറവേറ്റുന്നത് സംസ്ഥാനങ്ങളാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യമായിരുന്ന വിഹിതമാണ് ഇപ്പോള്‍ മാറ്റാന്‍ നീക്കം നടത്തുന്നത്.
ഭരണഘടനയുടെ നിബന്ധനകള്‍ക്കതീതമായ ധനവിന്യാസമാണ് മറ്റൊന്ന്. 11ാം കമ്മിഷന്റെ കാലം മുതലാണ് നിബന്ധനകള്‍ക്കു വിധേയമായ നിലപാടു സ്വീകരിക്കാന്‍ തുടങ്ങിയത്. അതായത് പ്രധാനമായും ധനകമ്മി, റവന്യൂകമ്മി തുടങ്ങിയവയുടെ കാര്യത്തില്‍. എന്നാല്‍ ഇത്തവണ ഇത് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ധനഉത്തരവാദിത്വ നിയമം പരിശോധിക്കുന്നതിനു സമിതിയെ നിയമിച്ചിട്ടുണ്ട്. കേരളത്തിന്റെ കടം 20 ശതമാനമാക്കി കുറയ്ക്കണമെന്നാണ് സമിതി മുന്നോട്ടുവച്ചത്. കൂടാതെ ധനകമ്മി 1.7 ശതമാനമാക്കി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു. ഇവയൊക്കെ നടപ്പാക്കാനുള്ള ഉപകരണമായി കമ്മിഷന്‍ മാറുമോയെന്ന ആശങ്കയുണ്ട്. സംസ്ഥാനം എന്തു ചെയ്യണമെന്നു മുന്‍കൂര്‍ പറയുന്നത് സ്വയംഭരണ സ്വഭാവത്തെ ഹനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."