കരിങ്ങോള്‍ചിറ പാലം അപ്രോച്ച് റോഡ്: വഖഫ് ഭൂമി ഏറ്റെടുക്കുന്നതിന് അധികാരം ജില്ലാ കലക്ടര്‍ക്ക്
പുത്തന്‍ചിറ: കരിങ്ങോള്‍ചിറ പാലത്തിന്റെ അപ്രോച്ച് റോഡിനാവശ്യമായ വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനു അധികാരം ജില്ലാ കലക്ടര്ക്കാണെന്നു വഖഫ് ബോര്‍ഡ് ചെയര്മാന് . പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് പി.ഐ നിസാറിന്റെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ വഖഫ് ബോര്‍ഡ് ചെയര്മാന് റഷീദ് അലി തങ്ങളെ സന്ദര്‍ശിച്ചു പാലത്തിന്റെ അപ്രോച്ച് റോഡിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പൊതു ആവശ്യത്തിനു വഖഫ് ഭൂമി അക്വയര്‍ ചെയ്യാന്‍ കലക്ടര്‍ക്കു മാത്രമേ അധികാരമുള്ളൂ എന്നും ഇതിനു വേറെ നടപടി ക്രമങ്ങള്‍ ആവശ്യമില്ലെന്നും ചെയര്മാന് പറഞ്ഞു. നിയമവശങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാതെ എടുക്കുന്ന തീരുമാനങ്ങളാണു പാലം പണി അനന്തമായി നീണ്ടു പോകാന്‍ കാരണമെന്നു സമരസമിതി കുറ്റപ്പെടുത്തി. കലക്ടര്‍ അക്വിസിഷന്‍ നടപടികള്‍ സ്വീകരിക്കാത്തതിനാലാണു പാലം നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയാത്തത്. 2009 ല്‍ ഫണ്ടനുവദിച്ചു 2011 ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്റെ പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 31 നാളുകള്‍ നീണ്ടുനിന്ന നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്നു ജില്ലാ കലക്ടര്‍ ഡോ. എ കൗശികന് ഐ.എ.എസ് സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും നിര്‍മാണതടസം നീക്കി പാലംപണി പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നു സമരം താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ചു രണ്ടുമാസം പിന്നിട്ടിട്ടും നിര്‍മാണം പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ കലക്ടര്‍ സ്വീകരിക്കാത്തതു കടുത്ത ജനവഞ്ചനയാണെന്നു സമരസമിതി ആരോപിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡ് കടന്നു പോകുന്നതു വഖഫ് ഭൂമിയിലൂടെയാണ്. വഖഫ് ഭൂമി പൊതു ആവശ്യത്തിനു നിയമപരമായി അക്വയര്‍ ചെയ്യുന്നതിനുള്ള പൂര്‍ണ്ണാധികാരം ജില്ലാ കലക്ടര്‍ക്കാണ്. വഖഫ് ഭൂമി വിലകൊടുത്തു ഏറ്റെടുക്കുന്നതിനു പഞ്ചായത്തിനോ വില്ക്കുന്നതിനു വഖഫ് ബോര്‍ഡിനോ അധികാരമില്ല. ആ നിലക്കു വഖഫ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലാ കലക്ടര്‍ സ്ഥലം എം.എല്‍.എ അഡ്വ. വി.ആര് സുനില്‍കുമാര്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വി.എ നദീര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഏറ്റെടുക്കുന്ന വഖഫ് ഭൂമിക്കു പുത്തന്‍ചിറ പഞ്ചായത്ത് വില നല്കി ഏറ്റെടുത്തു പൊതുമരാമത്ത് വകുപ്പിനു കൈമാറാന്‍ തീരുമാനമെടുത്തിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2013 ലെ വഖഫ് നിയമമനുസരിച്ചു ഇതിനു സാധുതയില്ല. രണ്ടുമാസത്തിനകം പണി പൂര്‍ത്തീകരിച്ചു പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തില്ലെങ്കില്‍ വര്‍ഷങ്ങളിനിയും കാത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണു കരിങ്ങോള്‍ചിറ നിവാസികള്‍. അതിനിട വരുത്താതെ ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ടു പരിഹാരം ഉണ്ടാക്കണമെന്നാണു ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."