ജയിലിനും വേണ്ടേ സുരക്ഷ.?
ചീമേനി: മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ ചീമേനി തുറന്ന ജയില്‍ വളപ്പ്. ആയിരത്തോളം ഹെക്ടര്‍ ഭൂമിയിലാണ് ചീമേനിയിലെ തുറന്ന ജയില്‍ നിലകൊള്ളുന്നത്. ചുറ്റും കമ്പിവേലികള്‍ കെട്ടിയാണ് ജയില്‍ വളപ്പ് സംരക്ഷിച്ചിട്ടുള്ളത്. എന്നാല്‍ കാലപ്പഴക്കത്താല്‍ പലയിടത്തും കമ്പിവേലികള്‍ തുരുമ്പെടുത്തു നശിച്ച രീതിയിലാണുള്ളത്.
ജയിലിലേക്കുള്ള പ്രധാന കവാടത്തില്‍ പകല്‍ സമയത്ത് സ്ഥിരമായി പാറാവ് ഡ്യൂട്ടിക്ക് ആളുണ്ടെങ്കിലും ജയിലിനകത്തേക്ക് അതിക്രമിച്ച് കടക്കാന്‍ സൗകര്യമുള്ള നിരവധി പോക്കറ്റ് റോഡുകള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പുറമേ നിന്നും വിദേശമദ്യങ്ങളും മറ്റു ലഹരി വസ്തുക്കളും ജയിലിനകത്തേക്ക് ഇത് വഴി കടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ജയില്‍ വളപ്പിന് ചേര്‍ന്നുള്ള പോത്താങ്കണ്ടം, വെളിച്ചം തോട്, കിഴക്കേനി, തുറവില്‍ തുടങ്ങി പ്രധാന കവലകളോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പേരിന് പോലും വേലികളില്ലാതായിട്ട് മാസങ്ങളായി. ഇത് വഴി പലപ്പോഴും ജയില്‍പുള്ളികള്‍ സമീപ പ്രദേശങ്ങളിലെ കടകളിലേക്ക് വരുന്നത് പതിവാണ്. തടവുകാര്‍ സ്വതന്ത്രമായി സമീപ പ്രദേശങ്ങളില്‍ വിലസുന്നത് പതിവ് കാഴ് ചയാണ്.
173 തടവുകാരാണ് ചീമേനി തുറന്ന ജയിലിലുള്ളത്. ചപ്പാത്തി, ബിരിയാണി നിര്‍മാണ യൂണിറ്റുകളും ആട്, കോഴി, പശു ഫാമുകളും ചെങ്കല്‍ ക്വാറിയും അടക്കം തടവുകാര്‍ക്ക് സ്വന്തമായ തൊഴില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആടുകളെ മേയ്ക്കാന്‍ നിയമിക്കുന്ന തടവുകാര്‍ കിഴക്കേനി ഭാഗങ്ങളിലൂടെ ജയില്‍ വളപ്പിന് പുറത്ത് കടന്ന് പ്രദേശവാസികളോട് തര്‍ക്കിക്കുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു.
ഒരാഴ്ച മുമ്പ് രാത്രി ഒരു മണി സമയത്ത് അത്തൂട്ടി ഭാഗത്തേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പത്തോളം തടവുകാര്‍ തടഞ്ഞു നിര്‍ത്തിയത് പ്രദേശത്ത് ഭീതിയിലാക്കിയിരിക്കുകയാണ്.
ഭൂരിഭാഗം തടവുകാരും പരോളിലായതിനാല്‍ ഈ സമയത്ത് അമ്പതില്‍ താഴെ മാത്രമാണ് തടവുകാരുണ്ടായിരുന്നത് എന്നാണറിയുന്നത്.
അസമയങ്ങളില്‍ തടവുകാര്‍ പുറത്തിറങ്ങി നടക്കുന്നത് ജയിലധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.
കമ്പിവേലിക്ക് പകരം ജയില്‍ വളപ്പിന് ചുറ്റും അരമതില്‍ കെട്ടി മുകളില്‍ കമ്പിവേലിയൊരുക്കണമെന്ന ആവശ്യം ആഭ്യന്തര വകുപ്പിന് മുന്നില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പത്ത് കോടിയോളം രൂപ ഇതിനായി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അനുകൂലമായ പ്രതികരണം ഇത് വരെ ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് ജയിലധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."