കപ്പലില്‍ നിന്ന് കാണാതായ മലയാളി യുവാവിനെക്കുറിച്ച് വിവരമില്ല
കാക്കനാട്: നടുക്കടലില്‍ കപ്പലില്‍നിന്ന് കാണാതായ മലയാളി യുവാവിനെക്കുറിച്ച് വിവരങ്ങളില്ല. ചരക്കുകപ്പലിലെ ട്രെയിനിയായി ജോലി ചെയ്തുവരികെയാണ് മൗറീഷ്യസ് തീരത്തിനടുത്ത് നിന്നു യുവാവിനെ കാണാതായത്. കാക്കനാട് ലിങ്ക്‌വാലി കൃഷ്ണപ്രിയയില്‍ താമസിക്കുന്ന ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഹരികുമാറിന്റെയും സന്ധ്യയുടെയും ഏകമകന്‍ അശ്വിന്‍കുമാര്‍ ഹരിയെ(25)യാണ് കാണാതായത്. ആസ്‌ത്രേലിയ, മൗറിഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള നാവിക വിദഗ്ധര്‍ കപ്പല്‍ കടന്നുപോയ പുറം കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി.
വാഴക്കാല നവനിര്‍മാണ്‍ ഹൈസ്‌കൂളിലും തൃക്കാക്കര ഗവ.മോഡല്‍ എന്‍ജിനിയറിങ് കോളജിലും പഠനം പൂര്‍ത്തിയാക്കിയ അശ്വിന്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷം കഴിഞ്ഞ ആറിനാണ് ആഗ്ലോ ഈസ്റ്റേണ്‍ എന്ന മുംബൈ ആസ്ഥാനമായ ഷിപ്പിങ് കമ്പനിയില്‍ ട്രെയിനി ഇലക്ട്രിക്കല്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. എം.വി സഹസ്രാനി എന്ന ചരക്കുകപ്പലില്‍ ചൈനയിലെ തുറമുഖത്ത് നിന്നാണ് അശ്വിന്‍ കയറിയത്. കഴിഞ്ഞ 27 വരെ അശ്വിന്‍ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. 28ന് കപ്പലിലെ വയര്‍ലസ് ഫോണിലൂടെ മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. 29ന് രാത്രി എട്ടിന് കപ്പലിലെ എന്‍ജിന്‍ കണ്‍ട്രോള്‍ റൂമിലേക്ക് അശ്വിന്‍ പോകുന്നത് കണ്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
അടുത്ത ദിവസം രാവിലെ പതിവുള്ള എന്‍ജിന്‍ റൂം മീറ്റിങില്‍ അശ്വിനെ കാണാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. കപ്പലില്‍ വിശദമായി അന്വേഷണം നടത്തിയിട്ടും അശ്വിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കപ്പല്‍ കമ്പനി ഡയറക്ടര്‍ മനീഷ് പ്രധാന്‍ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. അശ്വിനെ കാണാതായ സമയത്ത് കപ്പല്‍ അന്താരാഷ്ട്ര ചാനലില്‍ ഓസ്‌ട്രേലിയ മൗറീഷ്യസ് റൂട്ടിലായിരുന്നു. അശ്വിന്റെ മൊബൈല്‍ ഫോണ്‍ കപ്പല്‍ ക്യാബിനിലും കണ്ണട എന്‍ജിന്‍ കണ്‍ട്രോള്‍ റൂമിലും ഉണ്ടായിരുന്നു. സി.സി ടി.വി കാമറ ഇല്ലാത്തതിനാല്‍ കപ്പലിനുള്ളിലെ ജീവനക്കാരുടെ നീക്കം നിരീക്ഷിക്കാനാകില്ലെന്നാണ് കുടുംബാംഗങ്ങളെ ഷിപ്പിങ് കമ്പനി അറിയിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയവുമായി കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് പൊലിസിലും പരാതി റജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."