സ്റ്റാര്‍ട്ടപ്പുകളുടെയും നിക്ഷേപകരുടെയും വിദഗ്ധരുടെയും വന്‍നിര: ഹഡില്‍ കേരള' ഇന്ന് തുടങ്ങും
തിരുവനന്തപുരം: മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരെയും സാങ്കേതിക സഹായികളെയും കണ്ടുപിടിക്കാനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനങ്ങളിലൊന്നായ 'ഹഡില്‍ കേരള' ഇന്ന് കോവളത്ത് തുടങ്ങും. ധാരണാപത്രങ്ങളും കരാറുകളും ചര്‍ച്ചകളുമൊക്കെയായി രണ്ടു ദിവസം ലീല റാവിസ് റിസോര്‍ട്ടില്‍ രാപകലില്ലാതെ നടക്കുന്ന സമ്മേളനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഉല്‍പന്നങ്ങളും സേവനങ്ങളും അണിനിരത്തി മുന്നേറാനുള്ള മികച്ച വേദിയായി മാറും.
ഉച്ചയ്ക്ക് പന്ത്രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നതസമിതി ചെയര്‍മാന്‍ ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമി ഉള്‍പ്പെടെയുള്ള ഉന്നതര്‍ അതിഥികളായെത്തും. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐ.എ.എം.എ.ഐ), ഐ.എ.എം.എ.ഐ സ്റ്റാര്‍ട്ടപ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍. ഏഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും വിപണി നേതൃത്വവുമായിരിക്കും സമ്മേളനത്തിനെത്തുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേറ്റര്‍ തുടങ്ങാന്‍ പ്രമുഖ ആഗോള ഐ.ടിനെറ്റവര്‍ക്കിങ് കമ്പനിയായ സിസ്‌കോയുമായി ഐ.ഐ.ഐ.ടി എം.കെ ഹഡില്‍ വേദിയില്‍ ധാരണാപത്രം ഒപ്പിടുമെന്ന് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് അറിയിച്ചു. 30 സെഷനുകളിലായി 40 പ്രഭാഷകര്‍ പങ്കെടുക്കും.
സ്റ്റാര്‍ട്ടപ്പുകളുടെ വലിയ കൂട്ടായ്മ സൃഷ്ടിക്കുക, സ്ഥാപകനിക്ഷേപക കൂടിക്കാഴ്ചകള്‍ സൃഷ്ടിക്കുക, അടുത്ത തലമുറയിലേക്കു വളരാന്‍ കമ്പനികളെ സഹായിക്കുക എന്നിവയാണ് 'ഹഡില്‍ കേരള'യുടെ ലക്ഷ്യങ്ങള്‍. പ്രത്യേകം സജ്ജീകരിക്കുന്ന സ്റ്റാര്‍ട്ടപ് സോണി(ഡെമോ ബൂത്ത്)ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാം. ലൊക്കേഷന്‍ മാര്‍ക്കറ്റിങ് സ്‌പെഷലിസ്റ്റുകളായ പോസ്റ്റര്‍സ്‌കോപ്, മൊബൈല്‍ ആപ് നിര്‍മാതാക്കളായ സോഹോ കോര്‍പറേഷന്‍ എന്നിവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."