ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യവും സേവനവും മെച്ചപ്പെടുത്തും: മന്ത്രി
കൊച്ചി: ആരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും സേവനസൗകര്യങ്ങളും മെച്ചപ്പെടുത്തി സമഗ്രമായ മാറ്റത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യകുടുംബക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നവീകരിച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ലാബുകളുടെയും ഉദ്ഘാടനം കടവന്ത്ര നഗര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റികളിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ശ്രമം നടത്തുന്നത്. ആലുവ ജില്ലാ ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചും പുതിയ തസ്തികകള്‍ സൃഷ്ടിച്ചും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജനറല്‍ ആശുപത്രിയില്‍ കിഫ്ബി പ്രൊജക്ടിന്റെ ഭാഗമായി 78 കോടി രൂപ മുതല്‍ മുടക്കി പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കമിടുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വലിയ പിന്തുണ ആവശ്യമാണ്. കൊച്ചി നഗരസഭ ഇത്തവണത്തെ പദ്ധതികളില്‍ ആരോഗ്യമേഖലക്ക് കൂടുതല്‍ ഫണ്ട് നീക്കിവച്ച് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്.
നഗരങ്ങളില്‍ ആശുപത്രികള്‍ ഏറെയുണ്ടെങ്കിലും കോളനികളിലും ചേരിസമാനമായ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് മതിയായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുവാന്‍ പ്രയാസം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കികൊണ്ട് പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പുവരുത്തും. മഴക്കാലരോഗങ്ങള്‍ക്കെതിരായ ശുചീകരണ, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊച്ചി നഗരസഭ മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിച്ചു. പി.ടി തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍, ദേശീയആരോഗ്യദൗത്യംജില്ലാ പ്രോഗ്രാംമാനേജര്‍ ഡോ മാത്യൂസ് നമ്പേലി, കൗണ്‍സിലര്‍മാരായ ജോണ്‍സണ്‍, ആന്റണി പൈലിത്തറ എന്നിവര്‍സംസാരിച്ചു. അഡ്വ വി കെ മിനിമോള്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ സറീന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."