വിശുദ്ധ റമദാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍
ഇ.പി.മുഹമ്മദ്
കോഴിക്കോട്: വ്രതവിശുദ്ധിയുടെ 30 ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ അകവും പുറവും ശുദ്ധീകരിച്ചു വിശ്വാസികള്‍ ഒരുങ്ങി. മാനവരാശിക്കു മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പവിത്ര മാസത്തിലേക്ക് ഇനി ഏതാനും നാളുകള്‍ മാത്രം. റമദാനിലെ 30 ദിനരാത്രങ്ങള്‍ ആരാധനകളാല്‍ ധന്യമാക്കാനുള്ള തയാറെടുപ്പിലാണു വിശ്വാസികള്‍. മനസും ശരീരവും വ്രതത്തിനായി പാകപ്പെടുത്തിയും വിഭവങ്ങള്‍ ശേഖരിച്ചും പുണ്യമാസത്തെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങള്‍ എങ്ങും തകൃതി.
പള്ളികളുടെ നവീകരണവും അറ്റകുറ്റപ്പണികളും ദ്രുതഗതിയില്‍ നടന്നുവരുന്നു. നിസ്‌കാരത്തിനും നോമ്പുതുറക്കാനും പ്രഭാഷണത്തിനും മിക്ക പള്ളികളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങി. പള്ളിയുടെ ചുമരുകളും മിനാരവും നിലവുമെല്ലാം കഴുകി വൃത്തിയാക്കിയും പെയിന്റടിച്ചും പുതുമോടി വരുത്തുന്ന പ്രവൃത്തികളാണു മിക്കയിടങ്ങളിലും. കാര്‍പ്പെറ്റുകള്‍ മാറ്റി പുതിയതു വിരിച്ചും ഉച്ചഭാഷിണിയും ലൈറ്റ് സംവിധാനങ്ങളും സ്ഥാപിച്ചുമുള്ള പ്രവര്‍ത്തനങ്ങളും സജീവം.
ബറാഅത്ത് ദിനത്തോടെ വീട്ടകങ്ങളില്‍ നോമ്പിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.'നനച്ചുകുളി' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പഴയ വീട്ടുപകരണങ്ങളുള്‍പ്പെടെ കഴുകിമിനുക്കിയും പുതിയവ വാങ്ങിയും വീടിന്റെ ഉള്‍വശം ശുചീകരിച്ചു ഭംഗികൂട്ടിയും വീടുകളെ നോമ്പിനായി പാകപ്പെടുത്തിയെടുത്തു. വൃത്തിയും വെടിപ്പും വരുത്തുന്ന പരമ്പരാഗത രീതി ആധുനികതയിലും വിശ്വാസികള്‍ കാത്തുസൂക്ഷിക്കുന്നു. വസ്ത്രങ്ങളും നിസ്‌കാരക്കുപ്പായങ്ങളും മുസ്വല്ലകളുമെല്ലാം കഴുകിവൃത്തിയാക്കുന്നുണ്ട്. നോമ്പുതുറക്കാനും അത്താഴത്തിനുമായുള്ള ഭക്ഷണമൊരുക്കാന്‍ ധാന്യങ്ങളും മറ്റും കലവറയില്‍ നിറയ്ക്കുന്ന തിരക്കിലാണു വീട്ടുകാര്‍.
അതിരില്ലാത്ത ദാനധര്‍മത്തിന്റെ മാസം കൂടിയായ റമദാനില്‍ പാവപ്പെട്ടവരെ സഹായിക്കാനായി എങ്ങും പദ്ധതികള്‍ തയാറായിവരുന്നു. റമദാനില്‍ ഖുര്‍ആന്‍ ക്ലാസുകളും സജീവമാകും. വിവിധ സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മിക്ക പള്ളികളിലും റമദാനിലേക്ക് മാത്രമായി ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കിയ ഹാഫിളുമാരെയാണ് ഇമാമായി നിയമിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി പടിഞ്ഞാറന്‍ മാനത്ത് ചന്ദ്രപ്പിറവി ദൃശ്യമായെന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ് ഓരോ വിശ്വാസിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."