നവാസ് ശരീഫിന് ആജീവനാന്ത രാഷ്ട്രീയവിലക്ക്
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ ആജീവനാന്തം പദവി വഹിക്കുന്നതു വിലക്കി സുപ്രിംകോടതി വിധി. ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശരീഫിന്റെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടുള്ള കോടതി വിധി പുറത്തുവന്നത്.
പാനമ അഴിമതി കേസില്‍ വിചാരണ നേരിടുന്ന 67കാരനായ ശരീഫിനെ ആജീവനാന്തം പ്രധാനമന്ത്രി പദവി വഹിക്കുന്നതില്‍നിന്ന് അയോഗ്യനാക്കിയിരിക്കുകയാണ് കോടതി ചെയ്തത്. കഴിഞ്ഞ ജൂലൈയില്‍ കോടതി അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍നിന്നു വിലക്കേര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്നില്ലെങ്കിലും പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസി(പി.എം.എല്‍-എന്‍)ന്റെ പൂര്‍ണ നിയന്ത്രണം ഇപ്പോഴും ശരീഫിന്റെ കൈയിലാണുള്ളത്.
ശരീഫിന് കോടതി രാഷ്ട്രീയ വിലക്ക് ഏര്‍പ്പെടുത്തിയത് താല്‍ക്കാലികമായി മാത്രമാണോ എന്ന സംശയം നീക്കുകയായിരുന്നു കഴിഞ്ഞ ദിവസത്തെ വിധി. ഇതിനു മുന്‍പും പാകിസ്താനില്‍ വിവിധ നിയമസഭാ സാമാജികരെ പദവിയില്‍നിന്നു പുറത്താക്കാന്‍ പ്രയോഗിച്ച ഭരണഘടനാ വകുപ്പുകളുടെ വ്യാഖ്യാനത്തിലൂടെയാണ് ശരീഫിന് കോടതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
അതേസമയം, തനിക്കും കുടുംബത്തിനുമെതിരായ അഴിമതി കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് ശരീഫിന്റെ വാദം. ഇക്കാര്യത്തില്‍ സൈന്യത്തിന്റെ ഇടപെടലുണ്ടായതായും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം സൈന്യം നിഷേധിച്ചിട്ടുണ്ട്.
ലണ്ടനില്‍ ശരീഫിനും കുടുംബത്തിനുമുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട അഴിമതി കേസാണ് ഇവര്‍ക്കെതിരേയുള്ളത്. അനധികൃതമായി സ്വത്തു സമ്പാദിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതടക്കം ഗൗരവതരമായ കേസാണ് ശരീഫിനും കുടുംബത്തിനുമെതിരേ ചുമത്തിയിരിക്കുന്നത്.
മൂന്നു തവണ പാക് പ്രധാനമന്ത്രിയായിരുന്നു നവാസ് ശരീഫ്. മൂന്നു തവണയും വിവിധ കാരണങ്ങളാല്‍ ഭരണം പൂര്‍ത്തിയാക്കാനായിരുന്നില്ല. 1993ല്‍ പ്രസിഡന്റിന്റെ ഉത്തരവു പ്രകാരം പുറത്താക്കപ്പെട്ടപ്പോള്‍ 1999ല്‍ സൈനിക അട്ടിമറിയിലൂടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അഴിമതി കേസിനെ തുടര്‍ന്നും കോടതി അയോഗ്യനാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."