മാന്നാനം കോളജില്‍ വിദ്യാര്‍ഥിയുടെ മരണംസര്‍വകലാശാലാ സമിതി തെളിവെടുപ്പ് തുടങ്ങി
ഏറ്റുമാനൂര്‍: മാന്നാനം കെ.ഇ കോളജില്‍ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ എം.ജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയോഗിച്ച പ്രത്യേക സമിതി തെളിവെടുപ്പ് തുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് തെളിവെടുപ്പ് നടത്താനായിരുന്നു സമിതിയുടെ തീരുമാനം.
എന്നാല്‍ മൊഴി നല്‍കാനെത്തിയവരുടെ ബാഹുല്യം മൂലം തെളിവെടുപ്പ് പൂര്‍ത്തിയായില്ല. ചൊവ്വാഴ്ചയും തുടരും.
മഞ്ഞപ്പിത്തം കരളിന് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിലായിരുന്ന ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥി നേമം എടക്കോട് സ്‌നേഹസില്‍ സുരേഷിന്റെ മകന്‍ പ്രേം സാഗര്‍ (18) കഴിഞ്ഞ 16നാണ് മരിച്ചത്.
പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണ് വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. കോളജിലെ ശുദ്ധജലവിതരണം, ഭൗതികസാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമായി അമ്പതിലേറെ ആളുകള്‍ അന്വേഷണസമിതിയ്ക്കു മുന്നില്‍ മൊഴി നല്‍കി.
വിദ്യാര്‍ഥികള്‍ പ്രതിഷേധനിലപാടിന്‍ ഉറച്ചുനിന്നപ്പോള്‍ രക്ഷകര്‍ത്താക്കളില്‍ ചിലര്‍ കോളജിനനുകൂലമായാണ് മൊഴി നല്‍കിയത്. തെളിവ് നല്‍കാനെത്തിയവരില്‍ സമീപവാസികളും ഉണ്ടായിരുന്നു. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയ സമിതി ചൊവ്വാഴ്ച ഹോസ്റ്റലുകളും ജലവിതരണ സംവിധാനവും അനുബന്ധ സാഹചര്യങ്ങളും നേരില്‍ കണ്ട് വിലയിരുത്തും.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എം.എസ്.മുരളി, ഡോ.ആര്‍.പ്രഗാഷ്, ഡോ.കെ.ഷറഫുദ്ദീന്‍, സ്‌കൂള്‍ ഓഫ് ബയോസയന്‍സസ് അധ്യാപകന്‍ ഡോ.ബി.പ്രകാശ്കുമാര്‍, സര്‍വകലാശാലാ ആരോഗ്യവിഭാഗത്തിലെ ഡോക്ടര്‍, എന്‍ജിനീയര്‍ എന്നിവരടങ്ങുന്ന പത്തംഗസമിതിയാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."