സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം: ഇന്ദു മല്‍ഹോത്രയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഐ.ബി സര്‍ക്കാരിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനിടയില്‍ പെട്ട് അനിശ്ചിതാവസ്ഥയിലായ സുപ്രിംകോടതിയിലെ രണ്ടു ജഡ്ജിമാരുടെ നിയമനത്തില്‍ നേരിയ പുരോഗതി. ജനുവരിയിലാണ് മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമായ കെ എം ജോസഫ്, സുപ്രിംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ നിയമനം വൈകിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇന്ദു മല്‍ഹോത്രയുടെ കാര്യത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) കേന്ദ്രസര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട സമര്‍പ്പിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനത്തിന് മുന്‍പായി സാധാരണ നടക്കുന്ന നടപടി ക്രമമാണിത്. എന്നാല്‍, ജസ്റ്റിസ് കെ എം ജോസഫിന്റെ കാര്യത്തില്‍ ഐബി ഇതുവരെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടി റദ്ദാക്കിയതോടെ മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ജസ്റ്റിസ് ജോസഫിന്റെ നിയമനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ജഡ്ജിമാരുടെ നിയമനത്തിനായുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ തീരുമാനം വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അസംതൃപ്തി അറിയിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേരത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തെഴുതിയിരുന്നു. ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തു പരിഗണിക്കാന്‍ ചീഫ്ജസ്റ്റിസ് ഏഴംഗബെഞ്ച് രൂപീകരിക്കണമെന്നാണ് കുര്യന്‍ ജോസഫ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്തുകൊണ്ടാണ് ശുപാര്‍ശവൈകുന്നതെന്ന് സര്‍ക്കാരിനോട് ചോദിക്കണം. ശുപാര്‍ശ കൈകാര്യംചെയ്യുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കണം. തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ കോടതിയലക്ഷ്യനടപടിയുള്‍പ്പെടെയുള്ളവ സ്വീകരിക്കാന്‍ സാധിക്കണം.
വിഷയത്തില്‍ ചീഫ്ജസ്റ്റിസ് അടിയന്തരമായി ഇടപെടണം. സാധാരണ പ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ തന്നെയാണ് ഉചിതമായ നടപടി. അല്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാമെന്നും സുപ്രിംകോടതിയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കുര്യന്‍ ജോസഫ് വ്യക്തമാക്കുന്നു. കെഎം ജോസഫിന്റെ നിയമനത്തിന് തടസ്സം നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് എ പി ഷായും നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."