യാത്രക്കാരെ പിഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി
കാഞ്ഞിരപ്പള്ളി: യാത്രക്കാരോട് അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരേ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്‍കി. എരുമേലി- തുലാപ്പള്ളി റൂട്ടിലാണ് അശാസ്ത്രീയമായ ഫെയര്‍ സ്‌റ്റേജിലൂടെ കെഎസ്ആര്‍ടിസി യാത്രക്കാരെ പിഴിയുന്നത്.
മുട്ടപ്പള്ളിയില്‍ നിന്ന് എരുമേലിയ്ക്ക് കെഎസ്ആര്‍ടിസി ഫാസ്റ്റ് സര്‍വീസില്‍ യാത്രക്കാരന്‍ ഏഴു കിലോമീറ്റര്‍ മുമ്പത്തെ ഫെയര്‍ അനുസരിച്ച് ടിക്കറ്റ് നല്‍കണം. എരുമേലിയില്‍ നിന്ന് നേരത്തെ സ്വകാര്യ ബസ്സിന് 10 രൂപ ആയിരുന്നു. അക്കാലത്ത് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്ക് 12 രൂപയുമായിരുന്നു. എന്നാല്‍ അന്ന് കെഎസ്ആര്‍ടിസി ഈടാക്കിയിരുന്നത് 21 രൂപ ആയിരുന്നു. സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തതോടെ സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി.
ഇപ്പോള്‍ ഈ റൂട്ടില്‍ മൂന്നു കെഎസ്ആര്‍ടിസി ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ സ്വകാര്യ ബസ്സുകള്‍ 12 രൂപ ഈടാക്കുമ്പോള്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് സര്‍വീസിന് എരുമേലിയില്‍ നിന്നു മുട്ടപ്പള്ളിയിലേയ്ക്ക് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 23 രൂപ നല്‍കണം.
പട്ടിക ജാതി- വര്‍ഗ, പിന്നാക്ക വിഭാഗങ്ങളും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന മുട്ടപ്പള്ളിയിലെ യാത്രക്കാരോട് കെഎസ്ആര്‍ടിസി കാണിക്കുന്ന നീതികേടിനെതിരേ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നത് ഈ പ്രദേശത്തെ യാത്രക്കാരെ കൊണ്ടാണ്. കെഎസ്ആര്‍ടിസി അശാസ്ത്രീയമായ ഫെയര്‍ സ്റ്റേജ് നിര്‍ണയത്തിലൂടെ അമിത ചാര്‍ജ് ഈടാക്കുന്നതിനാല്‍ യാത്രക്കാര്‍ ഈ സര്‍വീസിനെ നിലവില്‍ ബഹിഷ്‌ക്കരിച്ച അവസ്ഥയിലാണ്. ഇതുവഴി വൈകീട്ട് കടന്നു പോവുന്ന മൂന്നു കെഎസ്ആര്‍ടിസി സര്‍വീസുകളും യാത്രക്കാരില്ലാതെയാണ് സര്‍വീസ് നടത്തുന്നത്.
ഇവയുടെ ട്രിപ് ഷീറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. എരുമേലി- തുലാപ്പള്ളി 19.4 കിലോമീറ്റര്‍ ദൂരമാണ്. നിയമപരമായി 19.51 രൂപ അഥവാ 20 രൂപ ചാര്‍ജും സെസ് കൂടി ചേര്‍ത്താല്‍ 21 രൂപയാണ് ഈടാക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ ഈടാക്കുന്നത് 28 രൂപയാണ്. ഓര്‍ഡിനിറി ബസ്സിന് 18 രൂപ മാത്രമാണ് ഇവിടെ ചാര്‍ജ്.
മുക്കൂട്ടുതറ കഴിഞ്ഞാല്‍ അടുത്ത ഫെയര്‍ സ്റ്റേജ് 8.4 കി.മീ. കഴിഞ്ഞ് പമ്പാവാലിയിലാണ്. പമ്പാവാലി കഴിഞ്ഞാല്‍ അടുത്ത ഫെയര്‍ 3.7 കി.മീ ദൂരത്ത് തുലാപ്പള്ളിയിലാണ്. ഇവിടെ കെഎസ്ആര്‍ടിസി പരിഗണിക്കുന്നത് 5 കി.മീ. ആയാണ്. ഗാട്ട് മേഖല ആയതിനാലാണ് ഇങ്ങനെ നിരക്ക് ഈടാക്കുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ കോട്ടയം ജില്ലയില്‍ ഗാട്ട് മേഖല ഇല്ലെന്ന് കോര്‍പറേഷന്‍ രേഖകള്‍ തന്നെ പറയുന്നു. മുക്കൂട്ടുതറയില്‍ നിന്നു 4.4 കി.മീ അകലെ ചീനിമരം ഫെയര്‍ സ്റ്റേജ് പോയിന്റായി നിശ്ചയിച്ചാല്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ റൂട്ടിലുള്ള യാത്രക്കാരുടെ ക്ലേശം പരിഹരിക്കുന്നതിനും കെഎസ്ആര്‍ടിസി ഫാസ്റ്റ് സര്‍വീസുകളുടെ ആളില്ലാ യാത്രകള്‍ അവസാനിപ്പിക്കാനും ഇതു സഹായകരമാവും.
ഈ അശാസ്ത്രീയ നിരക്ക് നിര്‍ണയം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുക്കൂട്ടുതറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം വി ഗിരീഷ് കുമാര്‍ മന്ത്രി, കെഎസ്ആര്‍ടിസി എംഡി, കലക്ടര്‍, ആര്‍ടിഒ എന്നിവര്‍ക്ക് നിവേദനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."