വാഗമണ്‍ മലനിരകളില്‍ പുതിയ ടൂറിസം പദ്ധതികളുമായി ഡി.റ്റി.പി.സി
തൊടുപുഴ: വിനോദസഞ്ചാരികളുടെ പറുദീസയായ വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു. വാഗമണ്ണിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നത്.
മൊട്ടക്കുന്ന് നവീകരണം, വഴിയോര വിശ്രമകേന്ദ്രം, ഹെറിറ്റേജ് ബില്‍ഡിംഗ് എന്നിവയാണ് ഡിറ്റിപിസിയുടെ മേല്‍നോട്ടത്തില്‍ മെയ് ആദ്യവാരത്തോടെ നിര്‍മാണം തുടങ്ങുന്ന പദ്ധതികള്‍. പുതിയ വിനോദസഞ്ചാര സീസണില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ഡിറ്റിപിസിയുടെ തീരുമാനം.
ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നാണ് വാഗമണ്‍. ഊഷ്മളമായ കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ഡിറ്റിപിസിയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷത്തോളം സഞ്ചാരികളാണ് വാഗമണ്ണിലെ പച്ചപ്പ് നിറഞ്ഞ മലനിരകള്‍ സന്ദര്‍ശിച്ചത്. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു.
സൈക്ലിംഗ്, ട്രക്കിംഗ്, റോക്ക് ക്ലൈമ്പിംഗ് എന്നിവയ്ക്കുള്ള സൗകര്യം കൂടി വാഗമണ്ണില്‍ സജ്ജമായതോടെ ഇവിടേയ്ക്ക് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാദ്ധ്യതകള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. വാഗമണ്ണില്‍ പുതിയ സജ്ജീകരണങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നതോടെ ജില്ലയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ വാഗമണ്ണിന്റെ പച്ചപ്പും ഹരിതാഭയും നുകരാന്‍ വലിയ തോതില്‍ എത്തും എന്നാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് കുതിപ്പേകുമെന്നാണ് ഡിറ്റിപിസിയുടെ പ്രതീക്ഷ.
മൊട്ടക്കുന്ന് നവീകരണം
മൊട്ടക്കുന്നിന്റെ നവീകരണത്തിനായി ഡിറ്റിപിസി സമര്‍പ്പിച്ച 99 ലക്ഷം രൂപയുടെ ഗ്രീന്‍ കാര്‍പ്പെറ്റ് സ്‌കീമിന് ടൂറിസംവകുപ്പ് പച്ചകൊടി വീശിയതോടെയാണ് മൊട്ടക്കുന്ന് നവീകരണം സാധ്യമാകുന്നത്.
മനോഹരമായ പ്രവേശനകവാടവും, വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, ഇരിപ്പിടങ്ങള്‍, ലൈറ്റിംങ്, ടോയ്‌ലറ്റ് ബ്ലോക്ക് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് നവീകരണ പദ്ധതി. മൊട്ടക്കുന്നില്‍ പാര്‍ക്കിംഗ് സൗകര്യം സഫലമാകുന്നതോടെ പൊതുവഴിയിലെ അനാവശ്യ പാര്‍ക്കിംഗ് ഒഴിവാക്കാനാകും. അതേസമയം ലൈറ്റിംഗിലൂടെ മൊട്ടക്കുന്ന് കൂടുതല്‍ പ്രകാശപൂരിതമാകുമ്പോള്‍ സന്ദര്‍ശനസമയം കൂടി വര്‍ദ്ധിപ്പിക്കാനാണ് ഡിറ്റിപിസിയുടെ തീരുമാനം. വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സമയം മൊട്ടക്കുന്നില്‍ ചെലവഴിക്കാന്‍ അവസരം നല്‍കുന്നതിലൂടെ സന്ദര്‍ശകരുടെ വരവ് വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വാപ്‌കോസ് ലിമിറ്റഡ് എന്ന നിര്‍മാണ ഏജന്‍സിയാണ് മൊട്ടക്കുന്ന് നവീകരണം ഏറ്റെടുത്തിരിക്കുന്നത്.
വഴിയോര വിശ്രമകേന്ദ്രം
ഡിറ്റിപിസിയുടെ അടുത്ത പദ്ധതിയാണ് വാഗമണ്‍ ഏലപ്പാറ റൂട്ടിലെ വഴിയോര വിശ്രമകേന്ദ്രം. മൂന്നാര്‍, തേക്കടി തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്ക് ലക്ഷകണക്കിന് സഞ്ചാരികള്‍ യാത്ര ചെയ്യുന്ന വഴിയാണിത്. എന്നാല്‍ ഈ റൂട്ടില്‍ ഒരു വിശ്രമകേന്ദ്രം ഇല്ലാത്തത് സഞ്ചാരികളെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ കുറവ് മനസിലാക്കിയാണ് ഡിറ്റിപിസിയുടെ വഴിയോര വിശ്രമകേന്ദ്രം സജ്ജമാകുന്നത്. റസ്റ്റോറന്റ്, ടോയ്‌ലറ്റ്, പാര്‍ക്കിംഗ് ഏരിയ, ഇരിപ്പിടങ്ങള്‍, ചെക്ക്ഡാം എന്നിവ ഈ വിശ്രമകേന്ദ്രത്തില്‍ നിര്‍മ്മിക്കും.
ഹെറിറ്റേജ് ബില്‍ഡിംഗ്
വാഗമണ്ണിലെ പഴയ സൊസൈറ്റി കെട്ടിടം പുനരുദ്ധരിച്ച് ഹെറിറ്റേജ് കെട്ടിടമാക്കി മാറ്റുകയാണ് പദ്ധതി. കെട്ടിടത്തില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി പൈതൃകം നഷ്ടപ്പെടുത്താതെയാകും പുനരുദ്ധരിക്കുക. ഈ കെട്ടിടം കടമുറികള്‍ക്കായി നല്‍കും. മേല്‍നോട്ടം ഡിറ്റിപിസിക്കായിരിക്കും. സംസ്ഥാന ടൂറിസം വകുപ്പും ഡിറ്റിപിസിയുമാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സഞ്ചാരികളുടെ എണ്ണവും വാഗമണ്ണില്‍ കൂടും. കേന്ദ്ര സര്‍ക്കാരിന്റെ തേക്കടി-വാഗമണ്‍-ഗവി ടൂറിസം സര്‍ക്യൂട്ട് കൂടി പൂര്‍ത്തിയാകുന്നതോടെ വാഗമണ്ണിലൂടെയുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി. വിജയന്‍ പറഞ്ഞു. വിദേശി സഞ്ചാരികളേക്കാള്‍ സ്വദേശികളായവരാണ് വാഗമണ്ണിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുമെന്നതും പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുമെന്നതും യാത്രയെ സ്‌നേഹിക്കുന്നവരെ വാഗമണ്ണിലേക്ക് ആകര്‍ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."