സിനിമാക്കഥയെ വെല്ലുന്ന ദൈന്യത: കൈത്താങ്ങായി കൂടെയുണ്ടെന്ന് വനിതാ കമ്മിഷന്‍
പാലക്കാട്: ഒന്നാം ഭാര്യ നിലനില്‍ക്കെ രണ്ടാമതൊരു കല്ല്യാണത്തിനു തയ്യാറായ യുവാവിനെതിരെ ഒന്നാം ഭാര്യ വനിതാ കമ്മീഷനില്‍ പരാതിയുമായി എത്തി. എന്നാല്‍ യുവതിയുടേത് വെറുമൊരു പരാതിക്കപ്പുറം പൊള്ളുന്ന നിസ്സഹായത ബോധ്യപ്പെട്ട വനിതാകമ്മിഷന്‍ അംഗങ്ങള്‍ പോലും ഒരു വേള സ്തബ്ധരായി.
കുത്തനൂര്‍ സ്വദേശിനി ഷബീനയുടെ വിവാഹം എട്ട് വര്‍ഷം മുമ്പായിരുന്നു നടന്നത്. സ്ത്രീധനമായി 25 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കി. ഷബീനയുടെ വീട്ടുകാര്‍ ഭൂമി പണയപ്പെടുത്തിയാണ് കല്ല്യാണത്തിനായുളള തുക കണ്ടെത്തിയത്.
എന്നാല്‍ സാമ്പത്തിക പരാധിനതകള്‍ കാരണം വായ്പാ തുക കൃത്യമായി തിരിച്ചടക്കാനാവാതെ വന്നു. ഈ ഭൂമി അടുത്ത ആഴ്ച്ച ജപ്തിചെയ്യാന്‍ പോകുന്നുവെന്ന അറിയിപ്പ് കിട്ടിതിനു പിന്നാലെയാണ് തന്റെ ഭര്‍ത്താവ് മറ്റൊരു വിവാഹം ഇതേ ആഴ്ചയില്‍ തന്നെ നടത്താന്‍ നിശ്ചയിച്ച വിവരം ഷബീനയുടെ വീട്ടുകാര്‍ അറിയുന്നത്.
2010 ലാണ് ഷബീനയുടെയും ജൈനുലാബിദിന്റേയും വിവാഹം കഴിഞ്ഞത്. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭര്‍ത്തൃവീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നമായി വന്നതെന്ന് ഷബാന പറയുന്നു.
മകന്‍ ജനിച്ചതിനുശേഷം ഷബീനക്ക് കടുത്ത തലവേദന സ്ഥിരമായി ഉണ്ടായി. ഇത് മാനസിക രോഗമാണെന്ന് പറഞ്ഞ് ഇവരെ വീട്ടില്‍ നിന്നും പുറത്താക്കുകയാണ് ഭര്‍തൃവീട്ടുകാര്‍ ചെയ്തത്. നീതിക്കായി ഷബീന കോടതിയെ സമീപിച്ചു. ഒന്നരവര്‍ഷം ഭര്‍ത്തൃവീട്ടില്‍ താമസിക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഷബീന കുഞ്ഞുമായി താമസിക്കാന്‍ ഭര്‍ത്തൃവീട്ടല്‍ പോയപ്പോള്‍ അവരെ തനിച്ചാക്കി കുടുംബാംഗങ്ങള്‍ വീടുവിട്ടിറങ്ങി.
അയല്‍വാസികളുടെ സഹായത്താല്‍ ഒന്നര വര്‍ഷക്കാലം അവര്‍ ആ വീട്ടില്‍ തനിച്ചു താമസിച്ചു. തനിക്ക് അസുഖം ഉണ്ടായിരുന്ന സമയത്ത് ഭര്‍ത്താവ് തന്റെ ഒപ്പം ഉണ്ടായിരുന്നു. അസുഖം മുഴുവനായും ഭേദമായതിനുശേഷം ഷബാനയെ വീട്ടിലാക്കി പോയ ഭര്‍ത്താവ് പിന്നെ ഇവരെ കാണാന്‍ എത്തിയിട്ടില്ല.
ഭര്‍ത്തൃവീട്ടുകാര്‍ ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റിയതാണെന്ന് വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തില്‍ അവര്‍ മൊഴി നല്‍കി. വിവാഹം ഉടനെ നടക്കുന്ന സാഹചര്യത്തില്‍ പൊലിസില്‍ ഈ വിവരം അറിയിക്കാനും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനും കമ്മിഷന്‍ നടപടി സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികളുമായി സ്ത്രീകള്‍ കമ്മിഷനെ സമീപിക്കുന്നതെന്ന് കമ്മിഷനംഗം ഇ.എം രാധ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനുളളില്‍ മൂവായിരംപരാതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. 68 കേസുകള്‍ പരിഗണിച്ചു. അതില്‍ 22 തീര്‍പ്പിലെത്തി, 8 എണ്ണമാണ് പൊലിസ് റിപ്പോര്‍ട്ടിങ്ങിന് പോയത്, 16അദാലത്തിലേക്ക് മാറ്റിവച്ചു, ഹാജരാവാത്തത് 22കേസുകളാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന കമ്മിഷന്‍ സിറ്റിംഗിന് കമ്മിഷന്‍ അംഗം ഇ.എം രാധ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."