'കരിനിയമം വെളുപ്പിക്കാന്‍ ഇങ്ങോട്ടു വരേണ്ട'
അതിഥികളോട് മാന്യമായി പെരുമാറുകയെന്നതാണു സുജനമര്യാദ. ഭാരത പാരമ്പര്യമനുസരിച്ച് അതിഥിയെ ദേവതുല്യം ബഹുമാനിക്കണമെന്നാണ്. അതിഥി ദേവോ ഭവഃ എന്നു സംസ്‌കൃതം. വീട്ടിലെത്തുന്ന ആരെയും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഊഷ്മളമായി സ്വീകരിക്കണമെന്നതാണ് ആതിഥേയ മര്യാദ.
ആതിഥേയന്റെ ആ സന്മനോഭാവത്തോട് അതേ രീതിയിലുള്ള പ്രതികരണം അതിഥിയുടെ ഭാഗത്തുനിന്നുമുണ്ടാകണം. അന്യഗൃഹത്തില്‍ ചെന്നു പെരുമാറുന്നതില്‍ പരിധിയും പരിമിതിയുമുണ്ടാകണം. അതിഥിയെ, ഒരുപക്ഷേ, ആരെന്നു പോലും അറിയാതെ, ഉപചാരത്തോടെ സ്വാഗതം ചെയ്യുന്ന ആതിഥേയനെ അധിക്ഷേപിച്ചു സംസാരിക്കുകയോ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍, അതു ചെയ്യുന്നയാളെ അതിഥിയെന്നല്ല അക്രമിയെന്നാണു പറയുക.
അന്യന്റെ വീട്ടില്‍ അതിരുവിട്ട സ്വാതന്ത്ര്യമെടുക്കുന്നതുപോലും അക്രമമാണ്. ആതിഥേയന്റെ സമ്മതമില്ലാതെ ആ വീട്ടിലെ അംഗങ്ങളുടെയോ അംഗങ്ങളില്ലാതെ വീടിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ ഫോട്ടോയെടുക്കുന്നതും മര്യാദയില്ലായ്മയുടെ പരിധിയില്‍ വരും. സമ്മതത്തോടെ എടുത്ത ചിത്രമാണെങ്കിലും ആ വ്യക്തിയുടെ സമ്മതമില്ലാതെ ഗൂഢലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്നതും നിയമവിരുദ്ധമായ നടപടിയാണ്.
ഇത്രയും പറഞ്ഞത് ഈയിടെ വിവാദമായ ചില ഫോട്ടോയെടുപ്പ് സംഭവങ്ങളുടെയും എടുത്ത ഫോട്ടോ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്റെയും ദുഷ്ടലാക്കിനെക്കുറിച്ചും മര്യാദയില്ലായ്മയെക്കുറിച്ചും പറയാനാണ്. പൗരത്വ നിയമ ഭേദഗതിയുടെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും 'മഹനീയത'യും 'അനിവാര്യത'യും ബോധ്യപ്പെടുത്താന്‍ ബി.ജെ.പി ദേശവ്യാപകമായി ആരംഭിച്ച പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗൃഹസന്ദര്‍ശനവും ലഘുലേഖാ വിതരണവും ഫോട്ടോയെടുപ്പും നടന്നു.
പൗരത്വ രജിസ്റ്റര്‍ മഹത്തരമാണെന്നും പൗരത്വ നിയമ ഭേദഗതി മതപീഡിതരുടെ കണ്ണീരൊപ്പാന്‍ കൊണ്ടുവന്ന കരുണാര്‍ദ്രമായ നിയമമാണെന്നുമൊക്കെ പറയാനും പ്രചരിപ്പിക്കാനും ബി.ജെ.പി നേതാക്കള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. ആ അവകാശത്തെ ചോദ്യം ചെയ്തിട്ടു കാര്യമില്ല. അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങുന്നതിനെയും എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. ജനാധിപത്യ ഇന്ത്യയില്‍ ആശയപ്രചാരണം ആര്‍ക്കും നടത്താം.
എന്നാല്‍, അങ്ങനെ നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടയില്‍ ആതിഥേയന്റെ അറിവോ സമ്മതമോ ഇല്ലാതെ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മറ്റും എടുക്കുന്ന ഫോട്ടോ ഗൂഢതാല്‍പര്യത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് നേരത്തേ പറഞ്ഞ സുജനമര്യാദയുടെ ലംഘനമാണ്. അത് അക്രമം കൂടിയാണ്. തങ്ങളെ സ്വീകരിച്ചിരുത്തി സൗഹൃദത്തോടെ പെരുമാറിയ വ്യക്തിയോടോ കുടുംബത്തോടോ ചെയ്യുന്ന ക്രൂരതയാണ്.
കോഴിക്കോട്ടെയും വയനാട്ടിലെയും ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിനിടയില്‍ മൂന്നു പ്രമുഖവ്യക്തികളെയാണ് അവര്‍ 'വെട്ടി'ലാക്കിയത്. ഒന്നാമത്തെയാള്‍ വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല, രണ്ടാമത്തെയാള്‍ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാക്ക്, മൂന്നാമത്തെയാള്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. മൂവരും സംഘ്പരിവാറിന്റെ ആശയപ്രചാരകരല്ലെന്ന് അവരെ അറിയുന്നവര്‍ക്കെല്ലാം അറിയാം. ബി.ജെ.പി നേതാക്കള്‍ നല്‍കിയ ലഘുലേഖ വായിച്ചയുടന്‍ മനസു മാറുന്നവരുമല്ല. ഇക്കാര്യത്തെക്കുറിച്ചു ബോധ്യമുള്ളവരാണ് അവരെ കാണാന്‍ ചെന്ന ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും.
മനസു മാറ്റാനാകില്ലെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇവരുള്‍പ്പെടെയുള്ള നേതാക്കളെ കണ്ട് എന്‍.ആര്‍.സിയും സി.എ.എയുമൊക്കെ പട്ടുപോലുള്ള നിയമങ്ങളാണെന്നു ബോധ്യപ്പെടുത്താന്‍ സംഘ്പരിവാര്‍ ശ്രമിച്ചത്. ഉദ്ദേശ്യം വ്യക്തം. എതിര്‍പക്ഷത്തുള്ള നേതാക്കന്മാരെ ചെന്നു കണ്ട്, അവരുടെ സുജനമര്യാദ വിനിയോഗിച്ച് ഇത്തിരി വര്‍ത്തമാനം പറഞ്ഞ്, കൈയിലെ ലഘുലേഖ നല്‍കി, അതിനിടയില്‍ ചുളുവില്‍ മൊബൈല്‍ കാമറയുടെ കണ്ണുചിമ്മിച്ച് ചിത്രമെടുത്ത്, ആ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാല്‍ എതിര്‍പക്ഷത്ത് ആശയക്കുഴപ്പവും അങ്കലാപ്പുമുണ്ടാക്കാം. പ്രക്ഷോഭകര്‍ക്കിടയില്‍ തര്‍ക്കത്തിന്റെ വിത്തു വിതയ്ക്കാം. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
ഇത്തരം ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നിമിഷത്തില്‍ ആ ചിത്രത്തിലെ 'ഇര'യ്‌ക്കെതിരേ അതിരൂക്ഷമായ പ്രതികരണം നടത്തി ഭ്രഷ്ട് കല്‍പ്പിക്കാന്‍ കാത്തിരിക്കുന്ന നിരവധി പ്രതികരണക്കഴുകന്മാരുണ്ട്. അവരെക്കൊണ്ട്, ആ 'ഇര'കളെ കൊത്തിവലിപ്പിച്ചാല്‍, ചിത്രമെടുത്തു പ്രചരിപ്പിച്ചവരുടെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കും. ചതിയിലൂടെ പടമെടുത്തു പ്രചരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്തവരല്ല, ഇത്തരം ചതിക്കുഴികളെക്കുറിച്ച് അനിവാര്യമായുണ്ടാകേണ്ട ജാഗ്രത ഒരു ദുര്‍ബലനിമിഷത്തില്‍ ഇല്ലാതെ പോയവരാണു തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്.
കുതന്ത്രത്തെ മറുതന്ത്രം കൊണ്ട് നേരിടണമെങ്കില്‍ ജാഗ്രത മാത്രം പോരാ, ഇത്തിരി ഭാഗ്യവും വേണം. പ്രമുഖ സാഹിത്യകാരനായ ജോര്‍ജ് ഓണക്കൂറിന് ആ മഹാഭാഗ്യം സിദ്ധിച്ചു. പൗരത്വ നിയമത്തെക്കുറിച്ചും മറ്റും ബോധവല്‍ക്കരിക്കാന്‍ കേരളത്തില്‍ ബി.ജെ.പി നടത്തിയ പ്രചാരണത്തിന്റെ തുടക്കം കുറിച്ചത് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവായിരുന്നു. മന്ത്രി ആദ്യം പോയത് ഓണക്കൂറിന്റെ വീട്ടിലേയ്ക്ക്.
കേന്ദ്രമന്ത്രിയെയും ഒപ്പമുള്ള ബി.ജെ.പി നേതാക്കളെയും ഓണക്കൂര്‍ സുജനമര്യാദയോടെ സ്വീകരിച്ചിരുത്തി. മന്ത്രി സി.എ.എയെയും എന്‍.ആര്‍.സിയെയും പ്രകീര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മാഷ് എതിരഭിപ്രായങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തു. ഒടുവില്‍ 'തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ കഴിയില്ലെന്നു' ബോധ്യപ്പെട്ട് മന്ത്രിയും കൂട്ടരും പുറത്തിറങ്ങി. ഇതിനിടയില്‍, ഓണക്കൂര്‍ മന്ത്രിയെ തര്‍ക്കിച്ചു തോല്‍പ്പിച്ച വാര്‍ത്ത മാധ്യമങ്ങളിലെത്തി. അതു വന്നാല്‍ പിന്നെ ഫോട്ടോയെടുത്ത് 'ഓണക്കൂര്‍ എന്‍.ആര്‍.സിക്കൊപ്പം' എന്നു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനാകില്ലല്ലോ. അതൊരു തിരിച്ചടിയായി.
വയനാട് ജില്ലാ കലക്ടറുള്‍പ്പെടെ മറ്റുള്ളവരും തങ്ങളെ വന്നു കണ്ട ബി.ജെ.പി നേതാക്കന്മാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടു തലകുലുക്കുകയായിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അവരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ബി.ജെ.പി നേതാക്കന്മാര്‍ അവതരിപ്പിച്ച വാദങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്കു കൈമാറിയ ലഘുലേഖയില്‍ തങ്ങള്‍ പെട്ടുപോകില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും, ലഘുലേഖ കൈമാറുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ചതിക്കാന്‍ ഉപയോഗിക്കുമെന്ന് അവര്‍ ചിന്തിച്ചില്ല.
എതിരാളികളുടെ ചെറിയ ജാഗ്രതക്കുറവുപോലും എത്ര തന്ത്രപരമായാണ് സംഘ്പരിവാര്‍ ആയുധമായി ഉപയോഗിക്കുന്നതെന്നു നോക്കൂ. തങ്ങള്‍ പടച്ചുവിട്ട 'ഫോട്ടോ ബോംബ് ' മറുപക്ഷത്തുണ്ടാക്കുന്ന അത്യാഹിതം കണ്ട് കൈകൊട്ടിച്ചിരിക്കുകയാണ് അവര്‍. അവരെ സംബന്ധിച്ചിടത്തോളം കാര്യലാഭമാണല്ലോ പ്രധാനം.
ഈ കുതന്ത്രം പക്ഷേ, ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് ഒരു പരിധിവരെയെങ്കിലും തിരിച്ചടിയായെന്നു വേണം കരുതാന്‍. കൊടുവള്ളിയില്‍ മിക്ക വീടുകളുടെയും ഗേറ്റിലും ചുമരിലും പ്രത്യേക തരത്തിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 'സി.ഐ.എയെയും എന്‍.ആര്‍.സിയെയും വെള്ളപൂശാന്‍ ഇങ്ങോട്ടു വരേണ്ട' എന്നാണ് ആ ബോര്‍ഡ്.
നാളെ ഇത്തരം ബോര്‍ഡുകള്‍ കേരളത്തിലെങ്ങും നിറഞ്ഞേക്കാം. അതൊരു പ്രഖ്യാപനമാണ്, ജനാധിപത്യ മതേതര കേരളത്തിന്റെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."