ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ യു.എസ് സൈനികര്‍ക്ക് പരുക്കേറ്റില്ലെന്നത് കള്ളം; 11 പേര്‍ക്ക് പരുക്കേറ്റെന്ന് സമ്മതിച്ച് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ്
ബഗ്ദാദ്: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു യു.എസ് സൈനികനും പരുക്കില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ വാദം കള്ളമെന്ന് തെളിഞ്ഞു. കഴിഞ്ഞദിവസം ഇറാഖിലെ സൈനികകേന്ദ്രത്തിലെ 11 യു.എസ് സൈനികരെ ബോധക്ഷയമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണിത്.
തലയ്ക്ക് ശക്തമായ ആഘാതമുണ്ടായാലുണ്ടാകുന്ന രോഗലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈമാസം മൂന്നിന് ഇറാന്റെ ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിനു പ്രതികാരമായി എട്ടാം തിയതി ഇറാഖിലെ രണ്ട് യു.എസ് സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ വിപ്ലവസേന മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.
80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടെന്നും 22 ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്നു പോലും തകര്‍ക്കപ്പെട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരാള്‍ക്കുപോലും പരുക്കേറ്റിട്ടില്ലെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. മുന്നറിയിപ്പു നല്‍കിയതിനാല്‍ ഐന്‍ അല്‍ അസദ് വ്യോമകേന്ദ്രത്തിലെ 1500 സൈനികരില്‍ മിക്കവാറും എല്ലാവരും ബങ്കറുകളില്‍ ഒളിച്ചിരുന്നുവെന്നാണ് യു.എസ് സേന പറഞ്ഞിരുന്നത്.
അതേസമയം, സൈനികരില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ലെങ്കിലും സ്‌ഫോടനമുണ്ടാക്കിയ ആഘാതം മൂലമുണ്ടായ ബോധക്ഷയ ലക്ഷണങ്ങള്‍ നിരവധിപേര്‍ക്കുണ്ടായെന്നും ചികിത്സ തുടരുകയാണെന്നുമാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പ്രസ്താവനയിലൂടെ പറഞ്ഞത്. ചിലരെ ജര്‍മനിയിലെയോ കുവൈത്തിലെയോ യു.എസ് ആശുപത്രികളിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."