നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പേ എം.സി റോഡ് ഇടിഞ്ഞു താഴ്ന്നു
ഏറ്റുമാനൂര്‍: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന എം.സി. റോഡ് ടാറിംഗ് കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പേ ഇടിഞ്ഞു താഴ്ന്നു. ഏറ്റുമാനൂര്‍ പട്ടിത്താനം കവലയില്‍ ട്രാഫിക് റൗണ്ടാനയ്ക്ക് സമീപം റോഡിന്റെ മദ്ധ്യത്തിലാണ് കിണറിന്റെ വിസ്തൃതിയില്‍ റോഡ് താഴ്ന്നു പോയത്.
വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് റോഡ് താഴ്ന്നു തുടങ്ങിയത്. ഒരു വാഹനം കയറിയിറങ്ങിയപ്പോഴായിരുന്നു റോഡ് ഇടിഞ്ഞത്. തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഒരു മീറ്ററിലധികം താഴ്ചയില്‍ വീണ്ടും താഴ്ന്നു. സ്ഥലമെടുത്ത് വീതി കൂട്ടിയപ്പോള്‍ റോഡിനടിയിലായ കിണര്‍ മഴ ശക്തമായതോടെ താഴോട്ട് ഇരുന്നതാണ് കാരണം. നാട്ടുകാരുടെയും സ്ഥലത്തെത്തിയ ഹൈവേ പോലീസിന്റെയും നേതൃത്വത്തില്‍ ടാര്‍ വീപ്പയും മറ്റും നിരത്തി അപായ സൂചന നല്‍കിയതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല.
വൈക്കം റോഡ് എം.സി. റോഡുമായി സംഗമിക്കുന്ന പട്ടിത്താനം ജംഗ്ഷന്‍ വീതികൂട്ടി നവീകരിച്ചപ്പോള്‍ ആറോളം കിണറുകള്‍ ഇവിടെ റോഡിനുള്ളിലായതായി നാട്ടുകാര്‍ പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കിണറ്റിലെ ചെളിയും മറ്റും വാരി കളഞ്ഞ് ഭാവിയില്‍ അപകടം ഉണ്ടാകാത്ത രീതിയില്‍ പാറപ്പൊടിയും മറ്റും നിറച്ച ശേഷമാണ് റോഡ് പണി നടത്തുക. പട്ടിത്താനം കവലയിലെ 5 കിണറുകളും ഇങ്ങനെ മൂടിയ ശേഷമാണ് ടാറിംഗ് ജോലികള്‍ നടത്തിയത്. എന്നാല്‍ ഈ കിണര്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടില്ലത്രേ. സ്ഥലമേറ്റെടുത്തപ്പോള്‍ മണ്ണ് മൂടി കിടന്നതിനാല്‍ ശ്രദ്ധയില്‍പെടാതെ കിടന്ന കിണര്‍ കൃത്യം റോഡിന്റെ മധ്യത്തിലാവുകയും ചെയ്തു.
കിണറ്റിലെ ചെളി കോരി നീക്കാതെ സാധാരണ പോലെ ടാര്‍ ചെയ്തതാണ് ഇപ്പോള്‍ റോഡ് താഴാന്‍ കാരണമായത്. ഭൂമിക്കുള്ളിലെ ജലവിതാനം ഉയര്‍ന്നപ്പോള്‍ മണ്ണ് ഇരുന്നതാവാം കാരണമെന്ന് കരുതുന്നു. റോഡ് താഴ്ന്ന് രൂപം കൊണ്ട ഗര്‍ത്തത്തിലൂടെ നോക്കിയാല്‍ ഉപരിതലത്തില്‍ നിന്നും ഏകദേശം നാലടിയോളം താഴെ വരെ വെള്ളം പൊങ്ങിനില്‍ക്കുന്നതായും കാണാം. ഗര്‍ത്തത്തിനു ചുറ്റും വേലി കെട്ടി അടിഭാഗം വരെയുള്ള ചെളി കോരി മാറ്റി പാറപ്പൊടിയും മെറ്റലും കലര്‍ന്ന മിശ്രിതം നിറയ്ക്കാനുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സ്ഥലത്തെത്തിയ കരാറുകാരുടെ പ്രതിനിധി പറഞ്ഞു. എന്നാല്‍ ടാറിംഗ് മഴയ്ക്കു ശേഷമേ ഇനി നടക്കുവുള്ളുവത്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."