എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ 30 മുതല്‍ പട്ടിണിസമരത്തിന്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവരുടെ അമ്മമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ 30മുതല്‍ പട്ടിണിസമരം നടത്തും.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതുവരെ സമരം തുടരാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തക യോഗത്തില്‍ തീരുമാനമായി. 2017 ജനുവരി 10ന് സുപ്രിംകോടതി നടത്തിയ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം രൂപയും ആജീവനാന്ത ചികിത്സയും നല്‍കാനാണ് കോടതി വിധിയില്‍ ആവശ്യപ്പെട്ടത്. വിധി വന്നിട്ട് ഒരു വര്‍ഷമാകുമ്പോഴും നടപ്പാക്കാത്തത് സര്‍ക്കാരിന്റെ ഗുരുതരവീഴ്ചയാണെന്ന് യോഗം വിലയിരുത്തി.
2017ല്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാംപിലൂടെ കണ്ടെത്തിയ അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുക, ആവശ്യമായ ചികിത്സ ജില്ലയില്‍ തന്നെ നല്‍കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുക, കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, ശാസ്ത്രീയവും പ്രായോഗികവുമായ രീതിയില്‍ പുനരിധിവാസം നടപ്പാക്കുക, നഷ്ടപരിഹാരത്തിനായി ട്രൈബ്യൂണല്‍ സ്ഥാപിക്കുക, ബഡ്‌സ് സ്‌കൂളുകളുടെ കെട്ടിടം പണി പൂര്‍ത്തീകരിച്ച് ആധുനിക സംവിധാനങ്ങളൊരുക്കുക, 2013ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട് മൂടിയ എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുത്ത് പരിശോധിക്കുക, യോഗ്യതയനുസരിച്ച് കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് വീണ്ടും സമരമാരംഭിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി നീതിക്കുവേണ്ടി ദുരിതബാധിതര്‍ നടത്തുന്ന സമരത്തെ സഹായിക്കണമെന്ന് പീഡിത ജനകീയ മുന്നണി അഭ്യര്‍ഥിച്ചു.
യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷയായി. അംബികാസുതന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, പി. മുരളീധരന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, കെ. ചന്ദ്രാവതി, സി.വി നളിനി, എം.പി ജമീല, ഗോവിന്ദന്‍ കയ്യൂര്‍, സുബൈര്‍ പടുപ്പ്, പി.വി മുകുന്ദകുമാര്‍, ബി. മിസിരിയ, പി. ഷൈനി, സിബി അലക്‌സ്, കെ. ശിവകുമാര്‍, ഗീത ജോണി, ടി. അഖില കുമാരി, ശശിധര ബെള്ളൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."