റാഫേല്‍ അന്വേഷണത്തില്‍നിന്ന് മോദിയെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിലെ അന്വേഷണത്തില്‍നിന്ന് പ്രധാനമന്ത്രിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടറായി പുനര്‍നിയമിച്ച സുപ്രിംകോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
ജനങ്ങളുടെ സ്വത്തില്‍നിന്ന് 30,000 കോടിയെടുത്ത് മോദി തന്റെ സുഹൃത്തായ അനില്‍ അംബാനിക്കു നല്കിയ കാര്യം സംശയലേശമന്യേ രാജ്യത്തിനു മുഴുവന്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കോടതിവിധിയെ സ്വാഗതം ചെയ്ത രാഹുല്‍ നരേന്ദ്ര മോദിക്കെതിരേ ശക്തമായ വിമര്‍ശമാണു നടത്തിയത്.
സത്യം മോദിയെ തകര്‍ക്കുമെന്ന് രാഹുല്‍ കോടതി വിധിക്കു പിറകെ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 30,000 കോടിയുടെ കവര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചുള്ള തെളിവുകള്‍ പൂര്‍ണമായും പരസ്യമാകാന്‍ ഇനി അധികം സമയം വേണ്ടിവരില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് സി.ബി.ഐ തലവനു പുലര്‍ച്ചെ ഒരു മണിക്കു സ്ഥാനം തെറിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം സ്ഥാനത്തേക്കു തിരിച്ചെത്തിയിരിക്കുന്നു. നമുക്ക് അല്പം ആശ്വാസമുണ്ട്. ഇനി എന്തു സംഭവിക്കുമെന്നു നോക്കിക്കാണാം. അവര്‍ക്ക് റാഫേല്‍ കേസില്‍നിന്ന് ഓടിയൊളിക്കാനാകില്ല. അസാധ്യമാണത്. മോദി ചര്‍ച്ചകളില്‍നിന്ന് ഓടിരക്ഷപ്പെടുകയാണ്. ജനകീയ കോടതിയില്‍ ഞങ്ങളുമായി അദ്ദേഹത്തിന് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടിവരും. റാഫേല്‍ ഇടപാട് ഒരു സത്യമാണ്. ആര്‍ക്കും അദ്ദേഹത്തെ അതില്‍നിന്നു രക്ഷിക്കാനാകില്ല. ആര്‍ക്കും സത്യത്തില്‍നിന്ന് ഒളിച്ചോടാനുമാകില്ല.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."