മായാവതിക്ക് ജയം അനിവാര്യം
ലഖ്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടികളേക്കാളും നിര്‍ണായകമായത് ബി.എസ്.പി നേതാവ് മായാവതിക്ക്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആശാവഹമായ ഒരു നേട്ടവും കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കില്‍ അത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് മായാവതിയെ സംബന്ധിച്ചിടത്തോളം അഗ്‌നിപരീക്ഷയാണ്. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറക്കുതന്നെ കോട്ടം തട്ടുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
ഉത്തര്‍പ്രദേശില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. മുഖ്യ എതിരാളികള്‍ സമാജ് വാദി-കോണ്‍ഗ്രസ് സഖ്യമാണ്. ബി.ജെ.പി വലിയ വെല്ലുവിളിയല്ലെങ്കിലും കേന്ദ്രത്തിന്റെ അധികാര കരുത്ത് അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.
ദലിത് പിന്നോക്ക വിഭാഗത്തിന്റെ വോട്ടുകള്‍ക്കൊപ്പം യു.പി ജനസംഖ്യയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ന്യൂനപക്ഷ വോട്ടും ലഭിച്ചെങ്കില്‍ മാത്രമേ യാദവകുലത്തെ മറിച്ചിടാന്‍ മായാവതിക്ക് കഴിയൂ. ഇതിനുപുറമെ സവര്‍ണരുടെ സ്വാധീനതയും ബി.എസ്.പിക്കുണ്ടായാല്‍ മാത്രമേ കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോകൂ.
ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ലെങ്കില്‍ ബി.എസ്.പിയുടെ രാഷ്ട്രീയ ഭാവിയും വലിയപ്രതിസന്ധിയിലാകും. ഇക്കാര്യം തിരിച്ചറിയാവുന്നതുകൊണ്ട് അതിശക്തമായ ചുവടുനീക്കമാണ് മായാവതി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഈ ലക്ഷ്യം വച്ച് പാര്‍ട്ടിയുടെ അടിത്തറമുതല്‍ മുകള്‍തട്ടുവരെ ചലനാത്മകമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നു. കൂടാതെ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനും ബി.ജെ.പിക്കും ലഭിക്കുന്ന മാധ്യമ പിന്തുണയൊന്നും മായാവതിക്ക് ലഭിച്ചിട്ടില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റുണ്ടായിരുന്നില്ലെങ്കിലും 33 മണ്ഡലങ്ങളില്‍ ബി.എസ്.പി രണ്ടാം സ്ഥാനത്തായിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കിയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പിന്നാക്ക-ന്യൂനപക്ഷ വോട്ടുകളില്‍ ലക്ഷ്യം വച്ചാണ് അവര്‍ കഠിനാധ്വാനം ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാന്‍ 403 സീറ്റുകളില്‍ 100 സീറ്റുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിട്ടുണ്ട്. മറ്റുപാര്‍ട്ടികളിലെ വിമതരെ ചാക്കിട്ട് പിടിച്ചും അവര്‍ സ്വാധീനത ശക്തിപ്പെടുത്താന്‍ നീക്കം നടത്തിയിട്ടുണ്ട്. മുഖ്താര്‍ അന്‍സാരിയുടെ കൗമി ഏകതാദള്‍, ബി.എസ്.പിയില്‍ ലയിച്ചതും സാധ്യതകളറിഞ്ഞുള്ള കരുനീക്കമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."