വിമതര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ്
കൊച്ചി: യൂനിയനില്‍ വിഭാഗീയത വളര്‍ത്തി കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച വിമതര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍.
അടുത്ത മാര്‍ച്ചില്‍ നടക്കുന്ന യൂനിയന്‍ തെരഞ്ഞെടുപ്പിനെ ഭയന്നാണ് ചിലര്‍ ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ടുപോകുന്നത്. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ പോകുന്നത്. ഇതില്‍ പലര്‍ക്കും പരാജയഭീതിയുണ്ട്. തന്റെ നേതൃത്വത്തിലുള്ള യൂനിയന്‍ പ്രവര്‍ത്തനം പോരെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഇതുവരെ നടത്തിയ സമരപരിപാടികളുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ എല്ലാ രേഖകളും കൈവശമുണ്ട്.
ഏഴ് സമരങ്ങളാണ് പിണറായി സര്‍ക്കാരിനെതിരേ കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ഐ.എന്‍.ടി.യു.സി നടത്തിയത്. ജനുവരി 17ന് പ്രഖ്യാപിച്ച സമരം യു.ഡി.എഫ് കണ്‍വീനറും കെ.പി.സി.സി പ്രസിഡന്റും പറഞ്ഞിട്ടാണ് മാറ്റിവച്ചത്. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ തനിക്ക് താല്‍പര്യമില്ല.
12 വര്‍ഷം യൂനിയന്റെ തലപ്പത്തിരുന്ന കെ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വി.പി ജോര്‍ജ്, എം.എം അലിയാര്‍, പി.ടി പോള്‍, കെ.കെ ഇബ്രാഹിംകുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."