പ്രാവര്‍ത്തികമാകുമെങ്കില്‍ നയം സ്വാഗതാര്‍ഹം
പതിനാലാമതു നിയമസഭയുടെ നാലാമതു സമ്മേളനം ഗവര്‍ണര്‍ പി. സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചിരിക്കുകയാണ്. നിരവധി പദ്ധതികളും നവീന ആശയങ്ങളും നല്‍കിക്കൊണ്ടുള്ള നയപ്രഖ്യാപനം പ്രാവര്‍ത്തികമാകുമെങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന പദ്ധതികളാണു ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.
നേരത്തെയും ഇതുപോലുള്ള പദ്ധതികളും അതത് സര്‍ക്കാറുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും പ്രവര്‍ത്തനപഥത്തില്‍ എത്തുന്നതു വിരളമാണ്. അരിയെവിടെ തുണിയെവിടെ പണിയെവിടെ വെള്ളമെവിടെ എന്നീ ചോദ്യങ്ങള്‍ ഉയര്‍ത്തിയുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചാണു പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടു പ്രതികരിച്ചത്. മനുഷ്യര്‍ക്കു കിട്ടേണ്ട അടിസ്ഥാന ആവശ്യങ്ങളാണു പ്രതിപക്ഷം ഉയര്‍ത്തിയത്. അത്തരമാവശ്യങ്ങള്‍ തീര്‍ച്ചയായും സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയര്‍ഹിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്നമൂല്യങ്ങളുള്ള നോട്ടുകള്‍ റദ്ദാക്കിയതിനെതിരേ രൂക്ഷവിമര്‍ശനമാണു ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറിലൂടെ പ്രകടിപ്പിച്ചത്. നോട്ടു റദ്ദാക്കല്‍ വഴി സാമ്പത്തികനിലയുടെ നട്ടെല്ല് കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു, സഹകരണമേഖല എന്നു പൂര്‍വസ്ഥിതിയിലാകുമെന്നു പറയാന്‍പോലും പറ്റാത്ത അവസ്ഥയിലേക്കു തകര്‍ത്തു എന്ന് തുടങ്ങിയ ആരോപണങ്ങളാണു നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് കേരളത്തില്‍ നടപ്പാക്കുകയില്ലെന്നും പകരം കേരളത്തില്‍ പഞ്ചവത്സരപദ്ധതിയാണു സമഗ്രമായ പുരോഗതി ലക്ഷ്യംവച്ച് ആവിഷ്‌കരിക്കുകയെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.
സംസ്ഥാനത്തെ ആറു മേഖലകളെ ലക്ഷ്യമിട്ടു നവകേരള പദ്ധതി നടപ്പിലാക്കുകയെന്നതാണു സര്‍ക്കാരിന്റെ മുഖ്യപ്രവര്‍ത്തന അജന്‍ഡ. അഞ്ചു വര്‍ഷത്തിനകം കാര്‍ഷിക സ്വയംപര്യാപ്തത നേടുക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ നിലവാരം ഉയര്‍ത്തുക എന്നതും പദ്ധതി വിഷയങ്ങളാണ്. അഴിമതിക്കെതിരെ പോരാടാനാണു സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന ബോധ്യം സര്‍ക്കാരിന് ഇപ്പോഴുമുണ്ട് എന്നതു നല്ല കാര്യം.
അതുകൊണ്ടായിരിക്കണം നയപ്രഖ്യാപനത്തില്‍ പ്രസ്തുത കാര്യം എടുത്തു പറഞ്ഞിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരിക്കണം മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്കു ലഭ്യമാക്കാനായി നിയമനിര്‍മാണം നടത്തുമെന്നു സര്‍ക്കാര്‍ തുടര്‍ന്നു പറയുന്നത്. കടുത്ത വരള്‍ച്ചയെത്തുടര്‍ന്നു കാര്‍ഷികമേഖല പ്രതിസന്ധിയിലാണെന്നതു വസ്തുതയാണ്.
വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ ഊര്‍ജിത നടപടികളെടുത്തുവെന്നു ഗവര്‍ണര്‍ എടുത്തുപറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം. റബര്‍ കര്‍ഷകരുടെ പ്രയാസങ്ങള്‍ തീര്‍ക്കാന്‍ നടപടികളെടുത്തുവെന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും ക്ലാസ്മുറികളെ ഡിജിറ്റലുകളാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിയെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുവാന്‍ പ്രത്യേകം പദ്ധതിയുണ്ടാക്കുമെന്നും ഭവനരഹിതര്‍ക്കായി 4.32 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നും അടിസ്ഥാന സ്വകാര്യമേഖല വികസനത്തിനായി പദ്ധതികള്‍ കൊണ്ടുവരുമെന്നും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകളെ സംബന്ധിച്ച നയവും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. 6000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതില്‍ ദേശീയപാത വികസനവും സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഉള്‍പ്പെടും. സ്ത്രീകള്‍ അനുദിനം വേട്ടയാടിക്കൊണ്ടിരിക്കുന്ന കാലത്ത് സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പു തന്നെ തയ്യാറാക്കുമെന്നും ലൈംഗികകുറ്റവാളികളുടെ പട്ടിക തയ്യാറാക്കുമെന്നും താലൂക്കുകള്‍ തോറും വനിതാ പൊലിസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍, മാഫിയ-ഗുണ്ട വേരുകള്‍ സംസ്ഥാനത്തുനിന്ന് പറിച്ചുകളയുമെന്നു നയപ്രഖ്യാപനപ്രസംഗത്തില്‍ സ്പര്‍ശിക്കാതെ പോയതു തീര്‍ത്തും അപലപനീയമാണ്.
സ്ത്രീകള്‍ അപമാനിക്കപ്പെട്ട നിരവധി കേസുകള്‍ പൊലിസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. പ്രതികള്‍ വിദേശത്തും സ്വദേശത്തുമായി സൈ്വരവിഹാരം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സെലിബ്രിറ്റികളുടെ കേസിനൊപ്പം ഇത്തരം കേസുകള്‍ക്കും പുനരുജ്ജീവന്‍ നല്‍കേണ്ടതുണ്ട്. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നവകേരള പദ്ധതിയില്‍ സ്ത്രീ സുരക്ഷയ്ക്കും അതിപ്രാധാന്യമാണ് നല്‍കുന്നത്. കുറ്റവാളികള്‍ക്ക് മാപ്പില്ല എന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞാല്‍ പോരാ. അതു നടപ്പിലാക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."