മാര്‍ക്ക് ഇളവ്: കെ.ടെറ്റ് പരീക്ഷയില്‍ വിവേചനമെന്ന് പരാതി
എടച്ചേരി(കോഴിക്കോട്): അധ്യാപകയോഗ്യതാ നിര്‍ണയ പരീക്ഷയായ കെ.ടെറ്റില്‍ വിവേചനമെന്നു പരാതി. കെ.ടെറ്റ് പരീക്ഷ പാസാകാനുള്ള മാര്‍ക്കിനെ ചൊല്ലിയാണു വിവാദം.
ആകെ 150 മാര്‍ക്കുള്ള പരീക്ഷയില്‍ 60 ശതമാനമായ 90 മാര്‍ക്കാണ് കെ.ടെറ്റ് യോഗ്യത നേടാനുള്ള മിനിമം മാര്‍ക്ക്. ഇതില്‍ സംസ്ഥാനത്തെ മുസ്‌ലിംകള്‍ ഉള്‍പ്പെടേയുള്ള പിന്നോക്ക വിഭാഗങ്ങളില്‍(ഒ.ബി.സി)പെട്ടവര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും അംഗപരിമിതര്‍ക്കും ആകെ മാര്‍ക്കായ 55 ശതമാനമായ 82.5 മാര്‍ക്ക് ലഭിച്ചാല്‍ മതി. എന്നാല്‍, ഈ നിയമം ദുര്‍വ്യാഖ്യാനം ചെയ്തു ന്യൂനപക്ഷങ്ങളുടെ അര്‍ഹമായ ആനുകൂല്യം തടയുന്നതിനു ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി അധ്യാപകര്‍ ആരോപിക്കുന്നു.
ആകെ മാര്‍ക്കിന്റെ 55 ശതമാനത്തിനു പകരം മിനിമം മാര്‍ക്കായ 90ന്റെ അഞ്ചുശതമാനം മാത്രമാണു ന്യൂനപക്ഷ, ഇതര പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ആകെ മാര്‍ക്കിന്റെ 55 ശതമാനമായ 82.5 മാര്‍ക്കിനു പകരം മിനിമം മാര്‍ക്കായ 90ല്‍ അഞ്ചുശതമാനം ഇളവോടെ 85.5 മാര്‍ക്ക് നേടിയാലേ പിന്നോക്ക വിഭാഗങ്ങള്‍ക്കു യോഗ്യത നേടാനാകൂ.
എന്നാല്‍, സംസ്ഥാനത്ത് കെ.ടെറ്റ് പരീക്ഷ നടത്തുന്നതു കേന്ദ്രം പുതുതായി നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സി.ടെറ്റ് പരീക്ഷയുടെ വ്യവസ്ഥകള്‍ തന്നെയാണ് കെ.ടെറ്റിനും ബാധകമാകുന്നത്.
ഇതനുസരിച്ച് ആകെ മാര്‍ക്കിന്റെ 55 ശതമാനമാണു പിന്നോക്ക വിഭാഗങ്ങളുടെ യോഗ്യത. ന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തിലെ കെ.ടെറ്റ് പരീക്ഷ പാസാകാന്‍ ഇതു സംബന്ധിച്ച ഉത്തരവില്‍ പറഞ്ഞ 82.5 മാര്‍ക്കിനെക്കാള്‍ മൂന്ന് മാര്‍ക്ക് കൂടുതല്‍ വേണ്ടിവരുന്നതു വിദ്യാഭ്യാസ വകുപ്പ് കൈകാര്യംചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെ തെറ്റായ വ്യാഖ്യാനം മൂലമാണെന്നാണ് അധ്യാപകര്‍ പറയുന്നത്.
2014-15 അധ്യയന വര്‍ഷം മുതലാണു വിദ്യാഭ്യാസ വകുപ്പ് കെ.ടെക് പരീക്ഷ നിര്‍ബന്ധമാക്കിയത്. ഇതു നടപ്പാക്കിയതുമുതല്‍ നടത്തിയ പരീക്ഷകളിലെല്ലാം നാലും അഞ്ചും ശതമാനം മാത്രമായിരുന്നു വിജയശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."