മാധ്യമപ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന വിചിത്രകണ്ടെത്തലുമായി ടി.പി സെന്‍കുമാര്‍, രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത് പൊലിസ്
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അപമാനിച്ച മുന്‍ ഡി.ജി.പി സെന്‍കുമാര്‍ തനിക്കെതിരേ കേസ് കൊടുത്ത മാധ്യമപ്രവര്‍ത്തകനെതിരേ തിരിച്ചും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലിസ് പി.ജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരേ കേസെടുത്തു. ടി.പി.സെന്‍കുമാറിന്റെ പരാതിയില്‍ ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന പത്രസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടി സെന്‍കുമാര്‍, തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിരുന്നു. പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനായ റഷീദ് കടവിലുമായി തര്‍ക്കമുണ്ടായി. എന്നാല്‍, അവസാനം കൈകൊടുത്താണു പിരിഞ്ഞത്. ഇതിനു ശേഷം നടന്ന സംഭവങ്ങളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പരാതിയില്‍ പറയുന്നത്.
സെന്‍കുമാറും സുഭാഷ് വാസുവും നടത്തിയ തന്നെ ഡി.ജി.പിയാക്കിയത് തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതോടെ സെന്‍കുമാര്‍ ക്ഷുഭിതനായി. താന്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. അയാളെ പിടിക്കാന്‍ അനുയായികള്‍ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകനോടു മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ട ശേഷവും പരുഷമായി സംസാരിച്ചു. ഇതിനിടെ സെന്‍കുമാര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."