സപ്ലൈകോ സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങളില്ല
സ്വന്തം ലേഖകന്‍
കോഴിക്കോട്: സപ്ലൈകോ സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് ക്ഷാമം. മുളക്, വെളിച്ചെണ്ണ, കടല, വന്‍പയര്‍ എന്നിവ സംസ്ഥാനത്തെ ഭൂരിഭാഗം സ്റ്റോറുകളിലുമില്ല.
സബ്‌സിഡിയിതര ഇനങ്ങളായ മൈദ, സൂചി, നിലക്കടല, കുത്തരി, വെളുത്തുള്ളി എന്നിവയ്ക്കും ക്ഷാമം നേരിടുകയാണ്. സ്ഥിരമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളെ ആശ്രയിച്ചിരുന്നവര്‍ ഇതുകാരണം പൊതുവിപണിയെ ആശ്രയിക്കേണ്ടിവരികയാണ്.
സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സപ്ലൈകോയുടെ കരാര്‍ വൈകുന്നതും കരാര്‍ ലഭിച്ച കമ്പനികള്‍ യഥാസമയം സാധനങ്ങള്‍ എത്തിക്കാത്തതുമാണ് സപ്ലൈകോ സ്റ്റോറുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നത്. കാര്‍ഡ് ഒന്നിന് അഞ്ചുകിലോ അരിയും ഒരുകിലോ പഞ്ചസാരയും ഉള്‍പ്പെടെ ലഭിക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്നു സബ്‌സിഡി ഇനങ്ങള്‍.
സാധനങ്ങള്‍ ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ സപ്ലൈകോയിലെ ദിവസവേതന, പാക്കിങ് തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലാണ്.
കച്ചവടം കുറവായതിനാല്‍ പല തൊഴിലാളികള്‍ക്കും ജോലിയില്ലാത്ത അവസ്ഥയാണ്. പാക്കിങ് തൊഴിലാളികള്‍ക്ക് സാധനം ചെലവാകുന്നതിന് അനുസരിച്ചാണ് കൂലി. ഒരു പാക്കിന് 1 രൂപ 40 പൈസയാണ് കൂലിയായി ലഭിക്കുക. ഇപ്പോള്‍ സാധനങ്ങള്‍ കുറവായതുകൊണ്ട് ഇവര്‍ക്ക് പാക്കിങ് ജോലി കുറവാണ്. ദിവസവേതനക്കാര്‍ക്ക് 500 രൂപയാണ് ഒരുദിവസം കൂലിയായി ലഭിക്കുക. ഒന്നര മാസത്തോളമായി സാധനങ്ങളുടെ ലഭ്യത കുറയാന്‍ തുടങ്ങിയിട്ടെന്ന് ജീവനക്കാര്‍ പറയുന്നു.
ഡിപ്പോകള്‍ക്ക് പ്രാദേശികമായി സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ കൊച്ചി ഹെഡ് ഓഫിസില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ എത്തിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."