ജയ് ഹസാരെ ട്രോഫി: ധോണിയുടെ മികവില്‍ ജാര്‍ഖണ്ഡിന് ജയം
വികൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിന്റേയും റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിന്റേയും നായക സ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിങ് ധോണി മുന്നില്‍ നിന്നു നയിച്ച് ജാര്‍ഖണ്ഡിനെ വിജയ വഴിയില്‍ തിരിച്ചെത്തിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ ചത്തീസ്ഗഢിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയുമായാണു ധോണി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 107 പന്തില്‍ 10 ഫോറും ആറു സിക്‌സും സഹിതം 129 റണ്‍സാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അടിച്ചുകൂട്ടിയത്. ധോണിയുടെ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ജാര്‍ഖണ്ഡ് ടീം 50 ഓവറില്‍ ഒന്‍പത് വിക്കറ്റിനു 243 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ ചത്തീസ്ഗഢിന്റെ പോരാട്ടം 39.4 ഓവറില്‍ 165 റണ്‍സില്‍ അവസാനിപ്പിച്ച് ജാര്‍ഖണ്ഡ് 78 റണ്‍സിന്റെ വിജയമാഘോഷിച്ചു. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് കര്‍ണാടകയോടു പരാജയപ്പെട്ടിരുന്നു.
നേരത്തെ 57 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയ ഘട്ടത്തിലാണു ആറാമനായി ക്രീസിലെത്തി ധോണി ടീമിനെ അത്ഭുതകരമായി കരകയറ്റിയത്. എട്ടാമനായി ഇറങ്ങിയ ഷഹ്ബാസ് നദീമിനെ കൂട്ടുപിടിച്ചാണു ധോണി പോരാട്ടം ചത്തീസ്ഗഢ് നിരയിലേക്ക് നയിച്ചത്. ധോണിയെയും ഷഹ്ബാസിനെയും കൂടാതെ ഓപണര്‍ ആനന്ദ് സിങ് മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു ജാര്‍ഖണ്ഡ് താരം. 94 പന്തില്‍ സെഞ്ച്വറി പിന്നിട്ട നായകന്‍ വ്യക്തിഗത സ്‌കോര്‍ 96ല്‍ നില്‍ക്കെ സിക്‌സറടിച്ചാണു ശതകം ആഘോഷിച്ചത്. ഷഹ്ബാസ് നദീം അര്‍ധ സെഞ്ച്വറി നേടി (53). 90 പന്തില്‍ നിന്നു നാലു ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഷഹ്ബാസിന്റെ ശ്രദ്ധേയ ഇന്നിങ്‌സ്.
വിജയം തേടിയിറങ്ങിയ ചത്തീസ്ഗഢിനെ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ആരോണ്‍, ഷഹബാസ് നദീം എന്നിവര്‍ ചേര്‍ന്നാണു കുഴക്കിയത്. ഒന്‍പതാമനായി ക്രീസിലെത്തിയ കാന്ത് സിങ് (24) ടോപ് സ്‌കോററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."