ആല്‍മരം പൊട്ടിവീണ് വാഹനങ്ങളും കടകളും തകര്‍ന്നു
തളിപ്പറമ്പ്: കരിമ്പത്ത് താലൂക്ക് ആശുപത്രിക്ക് സമീപം ആല്‍മരം പൊട്ടിവീണ് വാഹനങ്ങളും കടകളും തകര്‍ന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ട നടുവില്‍ സ്വദേശി അജുവിന്റെ ഓട്ടോറിക്ഷയുടെയും കാഞ്ഞിലേരി സ്വദേശി കൃഷ്ണന്റെ കാറിന്റെയും മുകളിലേക്കും ആശുപത്രിയുടെ മതില്കെട്ടിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കരിമ്പത്തെ കെ.സി സലാമിന്റെയും കാഞ്ഞിരങ്ങാട്ടെ ദേവസ്യയുടെയും കടകളിലേക്കുമായാണ് ആല്‍മരം പൊട്ടിവീണത്. വാഹനങ്ങളും പെട്ടി കടകളും തകര്‍ന്നിട്ടുണ്ട്.
പെട്ടിക്കടയില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് ശേഷമായതിനാല്‍ ആശുപത്രിയില്‍ വന്നവരും കുറവായിരുന്നു. ആശുപത്രിയുടെ മതിലും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ലൈനില്‍ വീണതിനാല്‍ വൈദ്യുതിബന്ധവും തകരാറിലായി. തുടര്‍ന്ന് ഫയര്‍ഫോഴ്സും വൈദ്യുതി ജീവനക്കാരും പൊലിസും എത്തി മരം മുറിച്ചുനീക്കുകയായിരുന്നു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടന്‍ മുറിച്ചു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച തളിപ്പറമ്പ് നഗരസഭാ ചെയര്‍മാര്‍ മഹമൂദ് അള്ളാംകുളം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ സി. ദേബേഷ്, കൗണ്‍സിലര്‍ സി. സിറാജ് എന്നിവരും അപകടസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."