കന്നഡ മീഡിയത്തില്‍ മലയാളി അധ്യാപകര്‍; ബദിയഡുക്കയിലും മഞ്ചേശ്വരത്തും പ്രതിഷേധം
ബദിയഡുക്ക: കന്നഡ മീഡിയം വിദ്യാര്‍ഥികളെ പഠിപ്പിക്കാനായി മലയാളം മാതൃഭാഷയായി പഠിച്ചവരെ നിയമിച്ചതിനെതിരേ ബദിയഡുക്കയിലും മഞ്ചേശ്വരത്തും പ്രതിഷേധം. കായാര്‍ക്കട്ടയിലും ബേക്കൂറിലും പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അധ്യാപകര്‍ ചുമതലയേറ്റു. കന്നഡ ഭാഷ പഠിക്കും വരെ അവധിയെടുക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അധ്യാപകര്‍ ചുമതലയേറ്റത്. ബേക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബേസിക് സയന്‍സില്‍ തിരുവനന്തപുരം സ്വദേശിയായ നിബിനെയാണ് പി.എസ്.സി നിയമിച്ചത്. കന്നഡ മിഡിയം സ്‌കൂളില്‍ കന്നഡ അറിയാത്തവരെ നിയമിച്ചതിനെതിരേ കന്നഡ ഭാഷ സ്‌നേഹികള്‍ രംഗത്തു വരികയായിരുന്നു. കന്നഡ ഭാഷ അറിയുന്നവര്‍ തന്നെ വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
എതിര്‍പ്പിനെ തുടര്‍ന്ന് നിബിന്‍ തിരികെ പോയി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ പൊലിസ് സാനിധ്യത്തില്‍ നിബിന്‍ വീണ്ടും ചുമതല ഏല്‍ക്കാന്‍ എത്തിയപ്പോള്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ ഹര്‍ഷാദ് വൊര്‍ക്കാടി, ഫരീദ സക്കീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ രംഗത്തെത്തുകയായിരുന്നു. വിവരമറിഞ്ഞ് ഡി.ഡി.ഇ ഡോ. ഹരീഷ് ചോലയില്‍, ഡി.ഇ.ഒ നന്ദികേശന്‍, എ.ഇ.ഒ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ജോലിയില്‍ പ്രവേശിക്കുകയും പിന്നിട് അവധിയെടുക്കുകയും ചെയ്തത്. ബദിയഡുക്ക ഗവ. ഹൈസ്‌കൂളില്‍ കന്നഡ വിഭാഗം ഹൈസ്‌കൂള്‍ തലത്തിലെ മുന്നു ഡിവിഷനുകളില്‍ ഫിസിക്കല്‍ സയന്‍സില്‍ കൊല്ലത്തെ സയന്‍ എന്നയാളെ പി.എസ്.സി നിയമിക്കുകയായിരുന്നു. നിയമനം ലഭിച്ച അധ്യാപകന്‍ ഇന്നലെ ചുമതല ഏല്‍ക്കാന്‍ എത്തുമെന്നറിഞ്ഞതോടെ രാവിലെ തന്നെ കന്നഡ സ്‌നേഹികളും ജനപ്രതിനിധികളും എതിര്‍പ്പുമായി രംഗത്ത് വന്നു. ഉച്ചയോടെ അധ്യാപകന്‍ സ്ഥലത്തെത്തുമെന്നറിഞ്ഞതോടെ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പഠിപ്പ് മുടക്കി കന്നഡ മിഡിയം സ്‌കൂളില്‍ മലയാളം അധ്യാപകര്‍ വേണ്ടെന്ന് മുദ്രവാക്യം വിളിച്ചതോടെ പ്രശ്‌നം സംഘര്‍ഷാവസ്ഥയിലെത്തി.
അധ്യാപകന്‍ 15 ദിവസത്തിന് ശേഷം മാത്രമെ നിയമിതമാനുകുമെന്നും കന്നഡ ഭാഷ പരിജ്ഞാനമില്ലാത്ത വ്യക്തിയാണെങ്കില്‍ നിയമന ഉത്തരവ് നല്‍കില്ലെന്നും വിദ്യാഭ്യാസ അധികൃതര്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."