എണ്ണ വിപണിയുടെ സ്ഥിരതക്ക് സഊദി-റഷ്യ ധാരണ
ജിദ്ദ: എണ്ണ വിപണിയുടെ സ്ഥിരതക്ക് സഊദി-റഷ്യ ധാരണ. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് ഇരു രാജ്യങ്ങളും സഹകരിച്ചും പരസ്പര ഏകോപനത്തോടെയും പ്രവർത്തിക്കുന്നതിന് ധാരണയായത്. സഊദി യും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.
എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിന് പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന് സൽമാൻ രാജാവും പുട്ടിനും ഫോൺ സംഭാഷണത്തിനിടെ ധാരണയിലെത്തിയതായി ക്രെംലിൻ വക്താവ് ദിമിത്രി ബെസ്‌കോവ് പറഞ്ഞു. ഒപെക് പ്ലസ് കരാറിന്റെ കാര്യത്തിൽ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനാണ് ഇരുവരും ധാരണയിലെത്തിയത്. ആഗോള എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിന് ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ വിശകലനം ചെയ്യുന്നതിന് സഊദി അറേബ്യയും റഷ്യയും സന്നദ്ധത പ്രകടിപ്പിച്ചതായും ക്രെംലിൻ വക്താവ് പറഞ്ഞു.
കൊറോണ വ്യാപനം ആഗോള തലത്തിൽ എണ്ണക്കുള്ള ആവശ്യം കുറച്ചേക്കുമെന്നും ഇത് വിലയിടിച്ചിലിലേക്ക് നയിച്ചേക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. ചൈനയുടെ പ്രതിദിന എണ്ണയാവശ്യത്തിൽ ഇതിനകം 30 ലക്ഷം ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്. ചൈനയുടെ എണ്ണയാവശ്യത്തിൽ ഇരുപതു ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയുന്നതിന് ശ്രമിച്ച് ഉൽപാദനം നിയന്ത്രിക്കുന്നതിന് പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരും (ഒപെക് പ്ലസ്) തമ്മിലുണ്ടാക്കിയ കരാർ കാലാവധി അടുത്ത മാസം അവസാനിക്കും. അടുത്ത മാസം ഒപെക് പ്ലസ് രാജ്യങ്ങൾ യോഗം ചേർന്ന് കരാർ ദീർഘിപ്പിക്കുന്ന കാര്യം വിശകലനം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത മാസം വരെ കാത്തുനിൽക്കാതെ ഈ മാസം തന്നെ അടിയന്തിര യോഗം ചേരുന്നതിനെ കുറിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ പഠിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."