ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നൂതന പദ്ധതികള്‍ നടപ്പാക്കും: മന്ത്രി കെ.ടി ജലീല്‍
കൊല്ലം: സിലബസ് പരിഷ്‌കരണം ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി നൂതന പദ്ധതികള്‍ നടപ്പാക്കുമെന്ന് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. എസ്.എന്‍ വനിതാ കോളജില്‍ നടത്തിയ ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 120 എയ്ഡഡ് കോളജുകള്‍ക്ക് രണ്ടു കോടി രൂപ വീതം നല്‍കാനും അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.
സര്‍ക്കാര്‍ കോളജുകളില്‍ പുതുതായി 140 അധ്യാപക തസ്തികകള്‍ക്ക് അനുമതി നല്‍കി. സര്‍വകലാശാല പരീക്ഷാ കലണ്ടര്‍ ഏകീകരിക്കുന്നതിനും പരീക്ഷാഫലം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അധ്യാപക, അനധ്യാപകരുടെ സര്‍വിസ് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് ഡി.ഡി ഓഫിസ് തലത്തില്‍ നടത്തുന്ന ആദ്യ അദാലത്താണ് കൊല്ലത്ത് പൂര്‍ത്തിയാകുന്നത്. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം, ഏഴിന് കോട്ടയം, 11ന് തൃശൂര്‍, 15ന് എറണാകുളം, മാര്‍ച്ച് നാലിന് കോഴിക്കോട് എന്നിവിടങ്ങളില്‍ അദാലത്ത് നടത്തും. ജീവനക്കാരുടെ സര്‍വിസ് സംബന്ധമായ പരാതികളെല്ലാം അദാലത്തുകളിലൂടെ തീര്‍പ്പാക്കാനാകും. ഈ പശ്ചാത്തലത്തില്‍ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് അധ്യാപകര്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ സതീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ അനിരുദ്ധന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."