ഫ്രാങ്കോയ്‌ക്കെതിരേ പോരാടിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റി
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയ കന്യാസ്ത്രീക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം നയിച്ച അഞ്ച് കന്യാസ്ത്രീകള്‍ക്ക് സ്ഥലം മാറ്റം. കന്യാസ്ത്രീകളായ അനുപമ, ആന്‍സിറ്റ, ജോസഫിന്‍, ആല്‍ഫി, നീനറോസ് എന്നിവരെയാണ് പ്രതികാര നടപടിയെന്നോണം സ്ഥലം മാറ്റിയത്.
മിഷ്‌നറീസ് ഓഫ് ജീസസാണ് നടപടിയെടുത്തത്. ഇതില്‍ നാലുപേര്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും മറ്റ് കന്യാസ്ത്രീകളെ കണ്ണൂര്‍, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും സ്ഥലം മാറ്റിയുള്ള ഉത്തരവാണ് നല്‍കിയത്.
സ്ഥലംമാറ്റം ലഭിച്ച അഞ്ച് കന്യാസ്ത്രീകളോടും മേയ് 2017ല്‍ ഇതേ സ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നതായും എന്നാല്‍ അവര്‍ പോകാന്‍ തയാറായില്ലെന്നുമുള്ള വാദമുഖങ്ങള്‍ മദര്‍ ജനറല്‍ കന്യാസ്ത്രീകള്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. ഇതിനുപുറമേ സഭക്കെതിരേ സമരം ചെയ്തത് അച്ചടക്ക ലംഘനമാണെന്നും കത്തില്‍ പറയുന്നു.
അതേസമയം, ബിഷപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ മാത്രം നടപടിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇവര്‍ ഇപ്പോഴുള്ള സ്ഥലത്ത് തന്നെ തുടരും. സഭയുടെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടിയായി ഇതിനെ കാണുന്നുവെന്നാണ് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മഠത്തില്‍നിന്ന് പോകാന്‍ തയാറല്ലെന്നും എന്തുനടപടി ഉണ്ടായാലും കുറവിലങ്ങാട് മഠത്തില്‍ തുടരാനുമാണ് തീരുമാനം.
ഇരയായ സിസ്റ്ററിന് പൂര്‍ണപിന്തുണ നല്‍കുമെന്നും ഒറ്റയ്ക്കാക്കി പോകില്ലെന്നും അനുപമ പറഞ്ഞു.
പിന്തുണ നല്‍കുന്ന ഞങ്ങളെ സിസ്റ്ററില്‍നിന്നും അകറ്റി സിസ്റ്ററിനെ ഒറ്റപ്പെടുത്താനാണ് നീക്കം. മാനസികമായി സിസ്റ്ററിനെ തളര്‍ത്തി കേസ് പിന്‍വലിപ്പിക്കാനും അട്ടിമറിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഈ സ്ഥലംമാറ്റത്തെ കാണുന്നെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ സഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുറ്റാരോപിതനെ തന്നെയാണ് സഭ ഇപ്പോഴും സംരക്ഷിക്കുന്നത്.
സഭയ്‌ക്കെതിരേയല്ല സഭാ നേതൃത്വത്തെയാണ് കുറ്റപ്പെടുത്തുന്നത്. സഭ നീതി നടപ്പാക്കണമെന്നും സിസ്റ്റര്‍ അമല പറഞ്ഞു. സ്ഥലം മാറ്റ നടപടിക്കെതിരേ ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേഷനെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."