പൊടിക്കൈകളുമായി പൊലിസ് ജനമധ്യത്തിലേക്ക്..!
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്കപ്പ് മര്‍ദനവും മുരടന്‍ പ്രകൃതവും കൊണ്ട് അകന്നുപോയ ജനത്തെ കൂടുതല്‍ അടുപ്പിക്കാന്‍ പൊടിക്കൈകളുമായി പൊലിസ്.
പൊലിസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും നടത്തുന്ന പരേഡും ബാന്റ് വാദ്യവുമൊക്കെ ഇനിമുതല്‍ പൊതുസ്ഥലത്ത് സംഘടിപ്പിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്കി. പൊലിസിന്റെ ജനമൈത്രി പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഡി.ജി.പി അറിയിച്ചു.
പൊലിസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും ആഴ്ചയിലൊരിക്കല്‍ പരേഡ് നടത്തുന്നുണ്ട്. ഇത് ഇനിമുതല്‍ പൊതുജനമധ്യത്തില്‍ നടത്താനാണ് നിര്‍ദേശം.
തിരുവനന്തപുരം സിറ്റി പൊലിസിലെയും വിവിധ ജില്ലകളിലുള്ള എല്ലാ ബറ്റാലിയനുകളിലെയും പൊലിസ് ബാന്റ് സംഘം ഇനിമുതല്‍ ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസം പൊതുസ്ഥലത്ത് ബാന്റ് വാദ്യം സംഘടിപ്പിക്കും. ഇതുവഴി കൂടുതല്‍ കുട്ടികളും നാട്ടുകാരും ബാന്റ് മേളം കാണാന്‍ എത്തുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.
ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലത്ത് മാസത്തിലൊരിക്കല്‍ പൊലിസ് നായ്ക്കളുടെ പ്രദര്‍ശനം നടത്താനും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പട്രോളിങ്ങിനും ബന്ധപ്പെട്ട മറ്റ് ജോലികള്‍ക്കുമായി പ്രവൃത്തിദിവസങ്ങളില്‍ കുതിരപ്പൊലിസിന്റെ സേവനവും ഉപയോഗിക്കും.
ഇതിനുപുറമേ സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡുകള്‍ കൂടുതല്‍ പേര്‍ക്ക് എത്താനും കാണാനും കഴിയുന്ന തരത്തില്‍ ക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡ് കോഴിക്കോട് ബീച്ച് റോഡിലായിരുന്നു നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."