ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്
ജിദ്ദ: ഗോള്‍ മെഷീന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ എ.സി മിലാനെ തകര്‍ത്ത് യുവന്റസ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ചാംപ്യന്മാരായി. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസിന്റെ വിജയം. 61ാം മിനുട്ടില്‍ റൊണാള്‍ഡോയാണ് യുവന്റസിന് വേണ്ടി വലചലിപ്പിച്ചത്. യുവന്റസ് ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ ആദ്യ കിരീട നേട്ടമാണിത്. ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് ചാംപ്യന്‍സ് കിരീടങ്ങളും പോര്‍ച്ചുഗലിന് വേണ്ടി ഒരു യൂറോപ്യന്‍ കിരീടവും നേടിക്കൊടുത്ത റൊണാള്‍ഡോ കരിയറില്‍ ഇതുവരെ 28 കിരീടം നേടിയിട്ടുണ്ട്. കോപ്പ ഇറ്റലിയിലെ ജേതാക്കളും സീരി എ ചാംപ്യന്മാരുമാണ് ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ മാറ്റുരക്കുന്നത്. കഴിഞ്ഞ തവണ കോപ്പ ഇറ്റലിയും സീരി എയും യുവന്റസ് നേടിയതിനാല്‍ കോപ്പ ഇറ്റലിയിലെ ഫൈനലിസ്റ്റുകളായ മിലാനെ സൂപ്പര്‍ കപ്പ് ഫൈനലിലേക്ക് പരിഗണിക്കുകയായിരുന്നു.
2016 ല്‍ ഖത്തറിലേറ്റ തോല്‍വിക്ക് മധുര പ്രതികാരം വീട്ടിയാണ് യുവന്റസ് കിരീടമുയര്‍ത്തിയത്. അന്ന് 1-1 സമനിലയായതിനാല്‍ ഷൂട്ടൗട്ടില്‍ എ.സി മിലാന്‍ 4-3ന് വിജയിച്ചിരുന്നു. സഊദിയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ 61,235ഓളം കാണികളാണ് മത്സരം കാണാനെത്തിയത്. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. തുടക്കത്തില്‍ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞത് മിലാനായിരുന്നു. ഒന്നാം മിനുട്ടില്‍ തന്നെ യുവന്റസ് ഗോള്‍ മുഖം ആക്രമിച്ചെങ്കിലും കില്ലെനിയുടെ ഇടപെടല്‍ യുവന്റസിനെ രക്ഷപ്പെടുത്തി.
ആദ്യ പകുതിയില്‍ റൊണാള്‍ഡോയെ കൃത്യമായി പ്രതിരോധത്തില്‍ പൂട്ടിയിട്ട മിലാന്‍ കൂടുതല്‍ ഗോള്‍വഴങ്ങുന്നതില്‍നിന്ന് രക്ഷപ്പെട്ടു. 61ാം മിനുട്ടില്‍ പ്യാനിച്ച്് ബോക്‌സിലേക്ക് നല്‍കിയ പന്ത് മിലാന്‍ ഗോള്‍കീപ്പര്‍ ഡോണരുമ്മയെ കബളിപ്പിച്ച് മികച്ച ഹെഡ്ഡറിലൂടെ റൊണാള്‍ഡോ വലയിലാക്കി. 73ാം മിനുട്ടില്‍ മധ്യനിര താരം ഫ്രാങ്ക് കിസ്സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതിനാല്‍ 10 പേരുമായാണ് മിലാന്‍ മത്സരം പൂര്‍ത്തിയാക്കിയത്. ജയത്തോടെ ചരിത്രത്തില്‍ എട്ട് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേടുന്ന ആദ്യടീമെന്ന നേട്ടം യുവന്റസ് സ്വന്തമാക്കി.
എട്ടു തവണ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ചാംപ്യന്മാരായ യുവന്റസ് ആറ് തവണ റണ്ണേഴ്‌സ്അപ്പുമായി. 1995, 1997, 2002, 2003, 2012, 2013, 2015, 2018 എന്നീ വര്‍ഷങ്ങളിലാണ് കിരീടമുയര്‍ത്തിയത്. മിലാന്‍ ഏഴ് തവണ ചാംപ്യന്മാരായിട്ടുണ്ട്. 2012 മുതല്‍ തുടര്‍ച്ചയായി ഏഴ് തവണ ഫൈനലിലെത്തിയ യുവന്റസ് നാല് കിരീടങ്ങളുയര്‍ത്തിയിട്ടുണ്ട്. 2017 ല്‍ 3-2ന് ലാസിയോടായിരുന്നു യുവന്റസിന്റെ തോല്‍വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."