യുദ്ധവും അഭയാര്‍ഥികളും പൗരത്വവും
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി മോദി അതിനെ ന്യായീകരിക്കാന്‍ മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെക്കൂടി ഉദ്ധരിക്കുന്നതു കേട്ടു. ഗാന്ധിജിയുടെ അഭിലാഷം പൂര്‍ത്തീകരിക്കുകയാണ് നിയമംവഴി ചെയ്യുന്നതെന്നു ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന മോദി രണ്ട് മാസമെടുത്തു ലോക്‌സഭാ രേഖകളില്‍നിന്ന് നെഹ്‌റുവിന്റെ ഒരു ഉദ്ധരണി കണ്ടെത്താന്‍. 'പ്രശ്‌ന ബാധിതരായി ഇന്ത്യയില്‍ അഭയം തേടിയെത്തുന്നവര്‍ക്ക് പൗരത്വം നല്‍കണം'എന്ന നെഹ്‌റുവിന്റെ പരാമര്‍ശമാണ് മോദി പറഞ്ഞത്. 'ട്യൂബ് ലൈറ്റുപോലെയാണ് ചിലര്‍, വെളിച്ചം തെളിയാന്‍ വൈകും' എന്ന് അതേ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധിയെ മോദി പരിഹസിച്ചു. അതേനാണയത്തില്‍ പ്രധാനമന്ത്രിയോടു തിരിച്ചുചോദിക്കുന്നത് ജനാധിപത്യ ഗുരുത്വബോധത്തിന് നിരക്കുന്നതല്ല. പക്ഷെ, മറ്റൊന്നു ചോദിക്കട്ടെ, ഇന്ത്യാ വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും ഭീതിതമായ അഭയാര്‍ഥി പ്രവാഹം കൈകാര്യം ചെയ്ത ഇന്ദിരാ ഗാന്ധിയെ മോദി ഓര്‍ക്കുകയും ഉദ്ധരിക്കുകയും ചെയ്യാത്തതെന്താണ്?
പൂര്‍വ പാകിസ്താനില്‍നിന്ന് ജീവനും കൊണ്ടോടി ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുക്കളും മുസ്‌ലിംകളുമായ ലക്ഷക്കണക്കായ അഭയാര്‍ഥികളുടെ കാര്യത്തില്‍ ഇന്ദിരാ ഗാന്ധി ഗവണ്മെന്റ് എടുത്ത നിലപാടു ഇന്ത്യയ്ക്കും ലോകത്തിനാകെയും മറക്കാനാകില്ല. പൗരത്വ നിയമത്തില്‍ ഇപ്പോള്‍ മോദി ഗവണ്മെന്റ് മുസ്‌ലിംകളെ ഒഴിവാക്കി കൊണ്ടുവന്ന മതാടിസ്ഥിത നിലപാടിനെ അത് തുറന്നുകാട്ടും എന്നതുകൊണ്ടുകൂടിയാകണം മോദി അതു കണ്ടില്ലെന്നു നടിക്കുന്നത്.
1971 ഓഗസ്റ്റ് 9ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി യു.എസ് പ്രസിഡന്റ് നിക്‌സന് അയച്ച കത്തിലെ ഈ വാചകങ്ങള്‍ നിര്‍ണ്ണായക ചരിത്രരേഖയായി മാറുന്നു: 'പൂര്‍വ ബംഗാളില്‍ രക്തരൂഷിതമായ സംഘട്ടനം അവിരാമം തുടരുകയാണ്. സ്വന്തം വീടുകള്‍ വിട്ട് അഭയംതേടി ഇന്ത്യയിലേക്ക് ഓടിപ്പോരുന്നവരുടെ എണ്ണം നിരന്തരം വര്‍ധിക്കുകയാണ്. അവരില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണംമാത്രം 70 ലക്ഷത്തിലേറെവരും. വലിയൊരു വിഭാഗം ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരെയും പത്തുലക്ഷത്തില്‍പരം മുസ്‌ലിം പൗരന്മാരെയും പടിഞ്ഞാറന്‍ പാകിസ്താന്‍ സൈന്യം കിഴക്കന്‍ ബംഗാളില്‍നിന്ന് അടിച്ചോടിച്ചിട്ടുണ്ട്. ഇതില്‍ മുസ്‌ലിം പൗരന്മാരുടെ എണ്ണം കൂടിക്കൂടി വരികയാണ്'. ഇന്ദിരാഗാന്ധി തുടര്‍ന്നു: 'ഈ പ്രശ്‌നങ്ങളെ ഏറെ സങ്കീര്‍ണ്ണമാക്കിയത് പാകിസ്താന്‍ സൈന്യത്തിന്റെ നടപടിയാണ്. ഞങ്ങളുടെ മേലുള്ള ഭാരം താങ്ങാനാവാത്ത സ്ഥിതിയുണ്ട്. ഞങ്ങള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത് മനക്കരുത്തുകൊണ്ടു മാത്രമാണ്'.
പാകിസ്താനിലേക്ക് അമേരിക്ക വീണ്ടും ആയുധങ്ങള്‍ എത്തിക്കുകയാണെന്ന ഒടുവിലത്തെ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധി തുടര്‍ന്നു: '1954ല്‍ പാകിസ്താന് യു.എസ് ആയുധം അയക്കാന്‍ തുടങ്ങിയതു മുതല്‍ ഞങ്ങളുടെ ഉപഭൂഖണ്ഡത്തിന്റെ ദു:ഖകരമായ അധ്യായം തുടങ്ങി. ഭയപ്പെട്ടിരുന്നതുപോലെ ഈ ആയുധങ്ങള്‍ ഞങ്ങള്‍ക്കെതിരെയാണ് അവര്‍ ഉപയോഗിച്ചത്. ഇപ്പോള്‍ സ്വന്തം ജനങ്ങള്‍ക്കെതിരേ അവരിപ്പോള്‍ അത് ഉപയോഗിക്കുന്നു'.
1950കളില്‍ ടിബറ്റില്‍നിന്നും 1964ല്‍ ചിറ്റഗോങ് കുന്നിന്‍ താഴ് വരകളില്‍നിന്നും (ചക്മ) ഉണ്ടായ അഭയാര്‍ഥി പ്രവാഹത്തേക്കാളും എത്രയോ മടങ്ങു വലുതായിരുന്നു 1971ല്‍ കിഴക്കന്‍ പാകിസ്താനില്‍നിന്നുണ്ടായ അഭയാര്‍ഥി പ്രവാഹം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്തുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമെന്നാണ് ചരിത്രം അതിനെ രേഖപ്പെടുത്തുന്നത്.
ഇന്ദിരാഗാന്ധി 1971ല്‍ മോസ്‌ക്കോ സര്‍വ്വകലാശാലയില്‍ സംസാരിക്കവെ, ഈ അഭയാര്‍ഥി പ്രവാഹത്തിന്റെ സവിശേഷത ഇങ്ങനെ അവതരിപ്പിച്ചു: 'ഞങ്ങള്‍ അതിര്‍ത്തിക്ക് പുറത്തുനിന്നു ഒരു പുതിയതരം ആക്രമണം നേരിടുകയാണ്. സായുധാക്രമണമല്ല. നിസ്സഹായരും പേടിച്ചരണ്ടവരുമായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കിഴക്കന്‍ ബംഗാളില്‍നിന്നുള്ള തള്ളിക്കയറ്റം. ചിലര്‍ മുറിവേറ്റവരാണ്. എല്ലാവരും വിശന്നുകരയുന്നവര്‍. കഴിഞ്ഞ ആറ് മാസത്തിനകം 90 ലക്ഷത്തിലേറെപേര്‍ എത്തിക്കഴിഞ്ഞു. അവര്‍ തുടര്‍ന്നും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലും വലിയ ഒരു കുടിയേറ്റം ചരിത്രത്തിലുണ്ടായിട്ടുണ്ടോ?'
ഹിന്ദുക്കളും മുസ്‌ലിംകളും ഉള്‍പ്പെട്ട ഈ അഭയാര്‍ഥികളെ ബംഗ്ലദേശിന്റെ ഉദയംവരെ ഇന്ത്യ ഒരു വര്‍ഷത്തിലേറെ സംരക്ഷിച്ചു. വിദേശ രാഷ്ട്രങ്ങളും സന്നദ്ധ സംഘടനകളും എത്തിച്ച സഹായവും ഒരു വര്‍ഷത്തെ പൊതു ചെലവോളം വരുന്ന തുകയും ഇന്ത്യാ ഗവണ്മെന്റും വലിയൊരു സംഖ്യ പശ്ചിമ ബംഗാളും അഭയാര്‍ഥികള്‍ക്കുവേണ്ടി ചെലവഴിച്ചു. ബംഗ്ലദേശ് രൂപീകരണത്തിനുശേഷം 1971 ഡിസംബറിനും 1972 ഫെബ്രുവരിക്കും ഇടയില്‍ ഇവരില്‍ ക്യാംപുകളിലുണ്ടായിരുന്നവരെ ബംഗ്ലാദേശിലേക്കു തിരിച്ചയച്ചു. രണ്ടാം ലോക യുദ്ധത്തിനുശേഷം ചരിത്രത്തിലെ ഏറ്റവും വലിയ പുനരധിവാസം. അപ്പോഴും തിരിച്ചുപോകാന്‍ തയാറില്ലാത്ത, ഹിന്ദുക്കളും മുസ്‌ലിംകളുമായ ലക്ഷങ്ങള്‍ ഇന്ത്യയില്‍ തുടര്‍ന്നു, ഇതാണ് തങ്ങളുടെ നാടെന്നു പറഞ്ഞ്.
അസമില്‍മാത്രം ഇപ്പോള്‍ 1.3 കോടിയോളം മുസ്‌ലിംകള്‍ ഉണ്ട്. ഇതില്‍ 90 ലക്ഷവും ബംഗ്ലദേശില്‍ നിന്നുള്ളവരാണെന്ന് അവിടത്തെ ബി.ജെ.പി സര്‍ക്കാര്‍ പറയുന്നു. തദ്ദേശീയരായ ഗോത്രവര്‍ഗ മുസ്‌ലിംകളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അവിടെ സര്‍വ്വേ ആരംഭിച്ചിട്ടുണ്ട്. പീഡനമേല്‍ക്കേണ്ടി വന്നതിന്റെ പേരില്‍ അഭയം തേടിയെത്തിയവരുടെ പിന്മുറക്കാരിലെ മുസ്‌ലിംകളെയും അവരുടെ പിന്മുറക്കാരെയും പുറന്തള്ളാനുള്ള നീക്കം യു.പിയടക്കം ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും നടക്കുന്നു.
പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014നുമുമ്പ് ഇന്ത്യയില്‍ കുടിയേറിയ മുസ്‌ലിംകള്‍ ഒഴിച്ചുള്ള മതവിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് നരേന്ദ്രമോദി ഗവണ്മെന്റിന്റെ പുതിയ പൗരത്വ നിയമം. എന്തുകൊണ്ട് മതാടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നു? അങ്ങനെയെങ്കില്‍തന്നെ മുസ്‌ലിം മതവിഭാഗത്തെ മാത്രം എന്തുകൊണ്ട് ഒഴിച്ചുനിര്‍ത്തുന്നു? ഇതാണ് രണ്ടുമാസമായി എല്ലാ മതങ്ങളില്‍നിന്നുള്ളവരും ഒരുപോലെ അണിനിരന്ന്, മതനിരപേക്ഷതയും തുല്യതയും ഉറപ്പുവരുത്തുന്ന നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ചോദിച്ചുകൊണ്ടിരിക്കുന്നത്.
പാകിസ്താന് ആയുധവും സാമ്പത്തിക സഹായവും നല്‍കി ഇന്ത്യയ്‌ക്കെതിരേ നിന്ന അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വിശ്വസ്തനായ രാഷ്ട്രത്തലവനാണ്. അതേസമയം പാകിസ്താന്‍ സിവില്‍ ഭരണാധികാരിയുടെയും സൈനികത്തലവന്മാരുടെയും സുഹൃത്തുകൂടിയാണ് പ്രസിഡന്റ് ട്രംപ്. കശ്മിര്‍ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥനാകാന്‍ അദ്ദേഹം സദാ തയാര്‍. യു.എസും ഇസ്‌റാഈലും ചേര്‍ന്നുള്ള ആഗോള മുസ്‌ലിം വിരുദ്ധ - സാമ്രാജ്യത്വ കൂട്ടുകെട്ടിലേക്ക് ഇന്ത്യയെക്കൂടി ചേര്‍ത്തുപിടിക്കുകയാണ് സൈനിക- വിദേശ നയങ്ങളിലൂടെ നരേന്ദ്രമോദി.
ആര്‍.എസ്.എസിന്റെ പഴയ രാഷ്ട്രീയ സ്വപ്നമായ ഹിന്ദുരാഷ്ട്ര അജന്‍ഡ പൗരത്വ നിയമത്തിനും ദേശീയ രജിസ്റ്ററിനും പിന്നിലുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഇന്ദിരാഗാന്ധിയുടെ ബംഗ്ലദേശ് യുദ്ധനിലപാടും മോദി ഗവണ്മെന്റിന്റെ പൗരത്വ നിയമ ഭേദഗതി നിലപാടും തമ്മിലുള്ള താരതമ്യം വ്യക്തമാക്കുന്നത്. രണ്ടും അഭയാര്‍ഥി പ്രശ്‌നം കേന്ദ്രീകരിച്ചാണല്ലോ. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രിമാര്‍ ആഹ്വാനം മുഴക്കുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭയപ്പെടുത്തി ധ്രുവീകരിക്കുന്ന നീക്കങ്ങള്‍ക്ക് ആധികാരിക പിന്‍ബലം നല്‍കി പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുന്നു: യുദ്ധമുണ്ടായാല്‍ പാകിസ്താനെ തകര്‍ക്കാന്‍ നമ്മുടെ സൈന്യത്തിനു പന്ത്രണ്ടുദിവസം മതി'.
പശ്ചിമ ബംഗാള്‍, അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി 829 അഭയാര്‍ഥി ക്യാംപുകളാണ് കിഴക്കന്‍ പാകിസ്താനില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കായി 1971ല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തുറന്നത്. ബംഗ്ലദേശ് വിമോചനത്തോടെ 70 ലക്ഷത്തോളം അഭയാര്‍ഥികള്‍ 1972 ഫെബ്രുവരിയോടെ തിരിച്ചുപോയി. ഇന്ത്യയില്‍ കഴിഞ്ഞവരില്‍ 30 ലക്ഷത്തോളം പേര്‍ പശ്ചിമ ബംഗാളിലും ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലും ഡല്‍ഹി മുതല്‍ മഹാരാഷ്ട്രവരെ മറ്റു സംസ്ഥാനങ്ങളിലുമായി ഇപ്പോഴും കഴിയുന്നു. ഏതാണ്ട് അര നൂറ്റാണ്ടോളമായി ഇന്ത്യയില്‍ അവശേഷിച്ചവരും ഇവിടെ ജനിച്ചു വളര്‍ന്ന് പൗരന്മാരെപ്പോലെ ജീവിക്കുന്ന അവരുടെ പുതിയ തലമുറയും ചേര്‍ന്നതാണ് ഈ കണക്ക്. പുതിയ പൗരത്വ നിയമത്തിനുമുമ്പില്‍ പൗരത്വം തെളിയിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അവരിലെ മുസ്‌ലിംകളെ ഈ നിയമം പൗരത്വത്തിനു പരിഗണിക്കില്ല. വിഭജനകാലത്തും തുടര്‍ന്നും ഇന്ത്യയിലെത്തിയ മുസ്‌ലിംകളുടെ പിന്‍തലമുറക്കും ഇതുതന്നെയാണ് അവസ്ഥ.
1971ല്‍ ആദ്യം പ്രകോപനമുണ്ടാക്കിയത് പാകിസ്താനായിരുന്നു. ഡിസംബര്‍ 3ന് ഇന്ത്യയുടെ എട്ട് വ്യോമസൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിക്കൊണ്ട്. തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചു. കിഴക്കന്‍ പാകിസ്താന്റെ തലസ്ഥാനമായ ധാക്കയിലേക്ക് ഇന്ത്യന്‍ കരസേന മാര്‍ച്ചുചെയ്തു. കിഴക്കന്‍ പാകിസ്താനെ ഇന്ത്യന്‍ നാവിക സേന ഉപരോധിച്ചു. പാകിസ്താന്റെ പൂര്‍വ്വ മേഖലയില്‍ മുക്തിവാഹിനിയുമായി ചേര്‍ന്ന് ഇന്ത്യന്‍ സേന മുന്നേറി. മൂന്നാം ദിവസം ജനറല്‍ എ.എ.കെ നിയാസിയുടെ നേതൃത്തിലുള്ള 93,000 പാക് സൈനികര്‍ ഇന്ത്യന്‍ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ജഗദീഷ് സിങ് അറോറയ്ക്കുമുമ്പില്‍ ആയുധംവെച്ച് കീഴടങ്ങി. അങ്ങനെയാണ് പൂര്‍വ്വ പാകിസ്താനില്‍ സ്വാതന്ത്ര്യത്തിന്റെ പതാകയുയര്‍ന്നതും ബംഗ്ലദേശ് സ്വതന്ത്ര രാഷ്ട്രമായതും. കറാച്ചിയിലെ ജയിലറയില്‍നിന്ന് വിട്ടയക്കേണ്ടിവന്ന മുജിബ് റഹ്മാന്‍ ബംഗ്ലദേശിന്റെ ആദ്യ പ്രസിഡന്റായതും.
ഈ സംഭവങ്ങളെ വിശദമായും സമഗ്രമായും വികാരപരമായും വിലയിരുത്തി ഡിസംബര്‍ 15ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യു.എസ് പ്രസിഡന്റ് നിക്‌സന് അയച്ച കത്ത് പന്ത്രണ്ടു ദിവസംകൊണ്ട് പാകിസ്താനെ തകര്‍ക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി മോദി വായിച്ചുനോക്കേണ്ടതുണ്ട് : ഈ യുദ്ധം ഒഴിവാക്കപ്പെടാമായിരുന്നു. മുജീബ് റഹ്മാനെ മോചിപ്പിക്കാനും ഒരു രാഷ്ട്രീയ പരിഹാരത്തിനും അമേരിക്കന്‍ പ്രസിഡന്റടക്കമുള്ള രാഷ്ട്രത്തലവന്മാര്‍ ശ്രമിച്ചിരുന്നെങ്കില്‍. ഞങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് താങ്കള്‍ ചോദിക്കുന്നു. ഇപ്പോള്‍ ബംഗ്ലദേശായി രൂപപ്പെട്ട പൂര്‍വ്വ പാകിസ്താന്റേയോ പശ്ചിമ പാകിസ്താന്റേയോ ഒരുതരി മണ്ണും ഞങ്ങള്‍ക്കുവേണ്ട. ഞങ്ങള്‍ക്കുവേണ്ടത് പാകിസ്താനുമായി സ്ഥായിയായി നിലനില്‍ക്കുന്ന സമാധാനം മാത്രമാണ്. കശ്മിരിന്റെ പേരില്‍ അവര്‍ തുടര്‍ന്നുവരുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കുകയാണ്. ഇന്ത്യയോടുള്ള ചിരകാല വിരോധം ഉപേക്ഷിക്കുകയാണ്. പാകിസ്താനുമായി അനാക്രമണ കരാറുണ്ടാക്കാന്‍ എന്റെ അച്ഛനും ഞാനും പലവട്ടം തയാറായി. ഓരോ തവണയും നിര്‍ദേശം ഒറ്റയടിക്ക് നിരസിച്ചത് പാകിസ്താനാണ് '. ഒരു ഉദ്ധരണി ചരിത്രമാകുന്നില്ല. ചരിത്ര നിലപാടുകള്‍ എങ്ങനെ രാജ്യതാല്‍പര്യത്തിനുവേണ്ടി മുന്നോട്ടു കൊണ്ടുപോകുമെന്നതാണ് ഒരു ഭരണാധികാരിയുടെ സത്യസന്ധതയും ചുമതലയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."