ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യയിലെത്തും
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഈ മാസം 24ന് ഇന്ത്യയിലെത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. പ്രഥമ വനിത മെലാനിയ ട്രംപ് അദ്ദേഹത്തെ അനുഗമിക്കും. ഇതുസംബന്ധിച്ച് ഒരാഴ്ച മുന്‍പ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ദൃഢമാക്കുന്ന സന്ദര്‍ശനത്തിനിടെ ട്രംപും പത്നിയും ഡല്‍ഹിക്കു പുറമേ, മോദിയുടെ നാടായ അഹ്മദാബാദും സന്ദര്‍ശിക്കും. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ 2010ലും 2015ലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും.
ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ അരലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ പങ്കെടുത്തിരുന്നു. ഓഗസ്റ്റില്‍ ഫ്രാന്‍സിലെ ബിയാരിറ്റ്സില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെയും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യ- യു.എസ് വ്യാപാര കരാര്‍ സംബന്ധിച്ച് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ധാരണയിലെത്തിയേക്കും. അതേസമയം, കശ്മിര് വിഷയത്തില്‍ ട്രംപ് എന്തെങ്കിലും പറയുമോയെന്നതും ലോകം ഉറ്റുനോക്കുകയാണ്. പലതവണ കശ്മിര് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഇന്ത്യ നിരാകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."